fire

കിഴക്കമ്പലം: ഉപയോഗശൂന്യമായതോടെ ആരോ തോട്ടിൽ വലിച്ചെറിഞ്ഞ കിടക്ക മണിക്കൂറുകളോളം ഒരു നാടിനെ പരിഭ്രാന്തിയുടെ മുൾമുനയിൽ നിറുത്തി. ചിത്രപ്പുഴ പോഞ്ഞാശ്ശേരി റോഡിൽ മോറക്കാല പള്ളിത്താഴം വലിയതോട്ടിൽ ഇന്നലെ രാവിലെ 9.30 ഓടെയാണ് അന്യസംസ്ഥാന തൊഴിലാളികൾ ചൂണ്ടയിടുന്നതിനിടയിൽ മൃതദേഹം എന്ന് തോന്നുന്ന വസ്തു തോട്ടിലെ വെള്ളത്തിൽ കണ്ടത്. മുകളിൽ നിന്ന് നോക്കുമ്പോൾ മൃതദേഹം പൊതിഞ്ഞു കെട്ടിയ രീതിയിൽ വെള്ളത്തിൽ ഒഴുകി നടക്കുന്നതായാണ് തോന്നിയത്. കയർ കൊണ്ട് കെട്ടി ഒരു വശത്തേയ്ക്ക് അടുപ്പിച്ചെങ്കിലും കരയ്ക്ക് കയറ്റാൻ എല്ലാവരും മടിച്ചു. ഒടുവിൽ ഫയർ ഫോഴ്സ് സഹായം തേടുകയായിരുന്നു. പട്ടിമറ്റം ഫയർ സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ സേന അംഗങ്ങളെത്തി കെട്ട് കരയ്ക്കെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഭദ്രമായി പൊതിഞ്ഞു കെട്ടി തോട്ടിൽ ഉപേക്ഷിച്ച കിടക്കയാണെന്ന് മനസിലായത്. സംശയാസ്പദമായ സാഹചര്യത്തിൽ മറ്റൊന്നും കണ്ടെത്താനും കഴിഞ്ഞില്ല. ഇതോടെയാണ് നാട്ടുകാരുടെ ശ്വാസം നേരെ വീണത്. മൃതദേഹമെന്നുറപ്പിച്ച് സമീപമെത്തിയവരുടെ ആകാംക്ഷയ്ക്കും ഇതോടെ അറുതിയായി.