tar

കോലഞ്ചേരി: ഭീതിയാത്രയ്ക്ക് അറുതി വരുത്തി കൊച്ചി- ധനുഷ്‌കോടി ദേശീയപാത പത്താം മൈലിൽ അപകടക്കുഴിയടച്ചു. ഇതു സംബന്ധിച്ച് കേരള കൗമുദി നൽകിയ വാർത്തയെ തുർടന്ന് ദേശീയപാത അതോറിട്ടി ഉടൻ കുഴിയടയ്ക്കാൻ കരാറുകാരന് നിർദ്ദേശം നൽകിയത്. റെഡിമിക്‌സ് ടാർ ഉപയോഗിച്ച് കുഴി അടച്ചു.

ഫേസ് 2 ഫാമിലി ബ്യൂട്ടി സലൂണിന് മുന്നിലാണ് അപകടക്കുഴിയുണ്ടായത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇവിടെ എട്ട് ഇരുചക്ര വാഹനങ്ങളാണ് കുഴിയിൽ വീണ് മറിഞ്ഞത്. കുഴിക്കിരുവശവും റോഡ് അത്യാധുനിക നിലവാരത്തിൽ പൂർത്തിയായതിനാൽ കുഴിയുണ്ടെന്നറിയാതെയെത്തുന്ന ഇരുചക്ര വാഹന യാത്രക്കാരാണ് അപകടത്തിൽ പെടുന്നത്.

അതിനിടെ അശാസ്ത്രീയ വികസനം കൊച്ചി ധനുഷ്‌കോടി ദേശീയപാതയെ മരണക്കെണിയാക്കുന്നുവെന്ന പരാതി തുടരുകയാണ്.

 വ്യാപാരികളും ബുദ്ധിമുട്ടിൽ

കാന നിർമ്മിച്ചതോടെ വ്യാപാര സ്ഥാപനങ്ങൾക്കും സമീപവാസികൾക്കുമുള്ള ബുദ്ധിമുട്ടുകൾ ചില്ലറയല്ല. ഇവരുടെ വഴി മുറിച്ചാണ് പലയിടത്തും കാന നിർമ്മാണം. നടപ്പു വഴി പോലും ലഭിക്കാതെ ദിവസങ്ങളോളം വീടൊഴിഞ്ഞും സ്ഥാപനം തുറക്കാതെയും ഇരിക്കുകയാണ് പലരും. മുൻകൂട്ടി അറിയിക്കാതെയുള്ള ഇത്തരം നടപടികൾ ചോദ്യം ചെയ്താൽ കേസിൽ കുടുക്കുമെന്നതടക്കം ഭീഷണിയാണ് കരാറുകാരിൽ നിന്ന് നാട്ടുകാർക്ക് ലഭിക്കുന്നതെന്ന് പറയുന്നു.

 നിർമ്മാണത്തിലും അപാകതയെന്ന്

35 വർഷം മുമ്പുണ്ടായിരുന്ന ദേശീയപാത അതേപടി നിലനിറുത്തി കാന കുഴിക്കുകയും പഴയ ടാറിംഗ് മാറ്റി ആധുനിക നിലവാരത്തിലുള്ളതാക്കുകയും ചെയ്തു എന്നതൊഴിച്ചാൽ മറ്റൊരു പ്രവൃത്തിയും നടക്കുന്നില്ലെന്നും ആരോപണമുണ്ട്. 1073 കോടി രൂപയാണ് ദേശീയപാത പുനർ നിർമ്മാണത്തിന് കേന്ദ്ര ഫണ്ട് അനുവദിച്ചിരിക്കുന്നത്.

കുപ്പികഴുത്ത് പോലെയുള്ള റോഡും ചിലയിടങ്ങളിൽ വീതി കുറഞ്ഞും കൂടിയും കാഴ്ചയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വളവുകൾ നിലനിറുത്തിയുമാണ് പാത നിർമ്മാണം പുരോഗമിക്കുന്നത്.