kunnathery-

ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ പ്രധാന കവലയായ കുന്നത്തേരി കവല വികസിപ്പിക്കണമെന്ന ആവശ്യം ശക്തം. ആലുവയിൽ നിന്നുള്ള പൈപ്പ് ലൈൻ റോഡും മാന്ത്രക്കൽ, വിടാക്കുഴ, കോമ്പാറ, മെട്രോ യാർഡ് റോഡുകളും സംഗമിക്കുന്നത് കുന്നത്തേരി കവലയിലാണ്.

നിരവധി സ്ഥാപനങ്ങളുള്ള ജനത്തിറക്കേറിയ കവലയാണിത്. ആലുവയിൽ നിന്ന് എളുപ്പത്തിൽ കളമശേരി മെഡിക്കൽ കോളേജിലേക്കും കാക്കനാട്, എറണാകുളം ഭാഗത്തേക്കും ഇതുവഴി പോകാം.

മെട്രോ യാർഡ് വഴിയും കോമ്പാറ, കളമശ്ശേരി ഭാഗങ്ങളിൽ നിന്നുമെല്ലാം വിവിധ സ്ഥലങ്ങളിലേക്ക് നഗരം ചുറ്റാതെ കടന്ന് പോകുവാൻ കഴിയുന്ന റോഡ് എന്ന നിലയിൽ വലിയ സൗകര്യമാണ്. അതിനാൽ നൂറു കണക്കിന് വാഹങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. കൂടാതെ നിരവധി സ്കൂൾ ബസുകളും രാവിലെയും വൈകിട്ടും സർവീസ് നടത്തുന്നു. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സർവീസുകളും നടത്തുന്നുണ്ട്. പഞ്ചായത്തിന്റെ കുടുംബരോഗ്യ കേന്ദ്രവും ഇവിടെയാണ്. റോഡിനു ആവശ്യമായ സ്ഥലം ഇല്ലാത്തതിനാൽ പലപ്പോഴും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. വലിയ വാഹങ്ങൾക്ക് കടന്നു പോകുവാൻ വലിയ പ്രയാസവുമാണ്.

വികസനത്തിന് സ്ഥലം ഏറ്റെടുക്കണം

കുന്നത്തേരി കവലയുടെ വികസനം നടപ്പാക്കുവാൻ ആവശ്യമായ സ്ഥലം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് മെമ്പർ കെ.കെ. ശിവാനന്ദൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നൽകി. പഞ്ചായത്ത്‌ കമ്മിറ്റി ഇതേ ആവശ്യം ഉന്നയിച്ച്കളക്‌ടർക്ക് കത്ത് നൽകിയിട്ടുണ്ട്. കവലയുടെ പ്രാധാന്യം കണക്കിലെടുത്തു എത്രയും വേഗം വികസനം നടപ്പാക്കണമെന്നാണ് ആവശ്യം.