photo

വൈപ്പിൻ: ഗ്യാസ് ഏജൻസിയും തൊഴിലാളികളും തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് വൈപ്പിൻ, കടമക്കുടി ദ്വീപുകളിലെ പാചകവാതക വിതരണം ഒരാഴ്ചയായി മുടങ്ങി. ഞാറക്കൽ, നായരമ്പലം, എളങ്കുന്നപ്പുഴ എന്നിവിടങ്ങളിലെ ഉപഭോക്താക്കളാണ് പ്രതിസന്ധിയിലായത്. ഗ്യാസ് ലഭിക്കാനായി ഉപഭോക്താക്കൾ ഏജൻസി ഓഫീസിലും ഗോഡൗണിലും കയറിയിറങ്ങേണ്ട അവസ്ഥയാണ്.

ഉപഭോക്താക്കളുടെ ദുരിതം
ഗ്യാസ് തീർന്ന ഉപഭോക്താക്കൾ ആദ്യം ഞാറക്കലിലെ ഏജൻസി ഓഫീസിൽ പോയി പണമടച്ച് ബിൽ വാങ്ങണം. പിന്നീട്, ഈ ബില്ലുമായി എളങ്കുന്നപ്പുഴയിലെ ഗോഡൗണിൽ പോയി സിലിണ്ടർ സ്വന്തം നിലയിൽ കൊണ്ടുപോകണം.

ഇതിനായി ഓട്ടോ പിടിക്കുന്നവർക്ക് 200 മുതൽ 300 രൂപ വരെ അധികച്ചെലവ് വരുന്നു. ഡെലിവറി ചാർജ് ഉൾപ്പെടെ ഈടാക്കിയാണ് ഏജൻസി സിലിണ്ടർ വിതരണം ചെയ്യുന്നത്.

ഏജൻസിയും തൊഴിലാളികളും തമ്മിൽ തർക്കം
പുതിയ മാനേജ്‌മെന്റ് വന്നതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയതെന്ന് തൊഴിലാളികൾ പറയുന്നു. മാനേജ്‌മെന്റും യൂണിയനും തമ്മിലുള്ള ധാരണയ്ക്ക് വിരുദ്ധമായി, പുതിയ നിബന്ധനകളിൽ ഒപ്പിട്ട് നൽകിയാൽ മാത്രമേ ജോലിയിൽ പ്രവേശിപ്പിക്കുകയുള്ളൂവെന്ന ഉടമയുടെ നിലപാടാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് തൊഴിലാളികൾ പറയുന്നു.

അതേസമയം, കരുണാ ഗ്യാസ് ഏജൻസി ഉടമകളായ ടി.കെ. ജയശ്രീയും രഞ്ജിത്ത് രവീന്ദ്രനും ആരോപണങ്ങൾ നിഷേധിച്ചു.

26 ദിവസത്തിന് പകരം 23 ദിവസം മാത്രം ജോലി ചെയ്യാമെന്ന തൊഴിലാളികളുടെ ആവശ്യം മുൻ കരാറിൽ ഉൾപ്പെടുത്തിയിരുന്നതായും അതിനുശേഷം തൊഴിലാളികൾ അനാവശ്യ സാമ്പത്തിക ആവശ്യങ്ങൾ ഉന്നയിച്ചതായും ഇവർ പറയുന്നു. പ്രശ്‌നത്തിൽ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും ഉടമകൾ വ്യക്തമാക്കി. തർക്കം പരിഹരിക്കാൻ രണ്ട് തവണ ഡെപ്യൂട്ടി ലേബർ ഓഫീസിൽ ചർച്ച നടന്നെങ്കിലും തീരുമാനമായില്ല. അടുത്ത ചർച്ച സെപ്തംബർ 3ന് നടക്കും.