ph

കാലടി: മലയാറ്റൂർ, നീലീശ്വരം, അയ്യമ്പുഴ പഞ്ചായത്തുകളിലെ വനാതിർത്തിക്ക് സമീപമുള്ള റോഡുകളിലും ജനവാസകേന്ദ്രങ്ങളിലും വന്യമൃഗശല്യം വർദ്ധിച്ചതോടെ ജനജീവിതം ദുരിതത്തിലായി. ആന, കടുവ, പുലി, പന്നി, മലയണ്ണാൻ, മ്ലാവ്, തത്ത തുടങ്ങി വിവിധയിനം ജീവികൾ കാർഷിക വിളകൾ നശിപ്പിക്കുന്നത് കാരണം പല കർഷകരും കൃഷി ഉപേക്ഷിച്ച മട്ടാണ്.
അയ്യമ്പുഴ, കടുകുളങ്ങര, കണ്ണിമംഗലം തുടങ്ങിയ ഭാഗങ്ങളിൽ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ വന്യമൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിലേക്കെത്തുന്നത് വിദ്യാർത്ഥികളെയും തൊഴിലാളികളെയും ഭയപ്പെടുത്തുന്നു.

പുലിപ്പേടിയിൽ നാട്ടുകാർ
കാടപ്പാറയിൽ പകൽ നാല് മണിക്ക് കാണാതായ ആടിനെ പിറ്റേദിവസം പകുതി തിന്ന നിലയിൽ കണ്ടെത്തിയ സംഭവം നാട്ടുകാരിൽ പരിഭ്രാന്തിയുണ്ടാക്കി. പുലിയാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും കൂട്ടിൽ കുടുങ്ങിയത് പട്ടിയാണ്. പുലിപ്പേടി കാരണം നാട്ടുകാർ ഇന്നും കൂട് മാറ്റാതെ കാത്തിരിക്കുകയാണ്. കൂട്ടമായി വരുന്ന ആനകളെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ ജനങ്ങൾ ആനച്ചൂര് എന്ന പേരിൽ ഒരു വാട്‌സ്ആപ്പ് കൂട്ടായ്മ ഉണ്ടാക്കിയിട്ടുണ്ട്.

വളർത്തുപട്ടികളെ ജനങ്ങൾ ഈ ഭാഗങ്ങളിൽ ഉപേക്ഷിച്ചുപോകുന്നതും വളർത്തുമൃഗങ്ങളെ വനാതിർത്തിയിൽ മേയാൻ വിടുന്നതും പുലിയെപ്പോലുള്ള വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം വർദ്ധിപ്പിക്കും
ബി. അജിത്കുമാർ
മലയാറ്റൂർ റേഞ്ച് ഓഫീസർ

റബ്ബർ മേഖലയിൽ വന്യജീവിശല്യം രൂക്ഷമാണ്. ആന, പുലി, കടുവ, പന്നി, മ്ലാവ് എന്നിവയുടെ ശല്യം കാരണം ജോലി ചെയ്യാനോ ലയങ്ങളിൽ താമസിക്കാനോ കഴിയാത്ത അവസ്ഥയാണുള്ളത്.
ബിജു മാവിൽച്ചുവട്
പ്രസിഡന്റ്
കാലടി പ്ലാന്റേഷൻ ലൈബ്രറി ആർട്‌സ്