കൊച്ചി: ഇൻഫോപാർക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നിർണായക ഘട്ടത്തിലേക്ക് പ്രവേശിച്ചു. തൂണുകളുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നതിനിടയിൽ പൂർത്തിയായ തൂണുകൾക്ക് മുകളിൽ പിയർക്യാപ് സ്ഥാപിക്കുന്ന ജോലികൾ ഇന്ന് അർദ്ധരാത്രി ആരംഭിക്കും. കളമശേരിയിലെ കാസ്റ്റിംഗ് യാർഡിൽ നിർമ്മിച്ച 80 ടൺ ഭാരമുള്ള പിയർക്യാപ് ഹെവി ഡ്യൂട്ടി ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയാണ് തൂണുകളിൽ ഉറപ്പിക്കുന്നത്.
ഇൻഫോപാർക്ക് എക്‌സ്‌പ്രസ്‌വേ പാതയിലുള്ള 281-ാംനമ്പർ തൂണിലാണ് ആദ്യ പിയർക്യാപ് സ്ഥാപിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ 284 വരെയുള്ള തൂണുകളിലും പിയർക്യാപ് സ്ഥാപിക്കും. രാത്രി ഈ ഭാഗങ്ങളിൽ ഗതാഗതം നിയന്ത്രിക്കും.
സെസ്, ആലിൻചുവട്, വാഴക്കാല സ്റ്റേഷനുകളുടെ സമീപമായി 22 തൂണുകളുടെ നിർമ്മാണം പൂർത്തിയായി. മെട്രോപാതയ്ക്കുള്ള 670 പൈലുകളും സ്റ്റേഷനുകൾക്കുള്ള 228പൈലുകളും ഉൾപ്പെടെ മൊത്തം 898 പൈലുകളുടെ നിർമ്മാണവും പൂർത്തിയായി.
കളമശേരിയിലെ കാസ്റ്റിംഗ് യാർഡിൽ ഗർഡറുകളുടെയും പിയർക്യാപുകളുടെയും നിർമ്മാണവും അതിവേഗം പുരോഗമിക്കുകയാണ്. 64 യു ഗർഡറുകളുടെയും 30 ഐ ഗർഡറുകളുടെയും 56 പിയർക്യാപുകളുടെയും നിർമ്മാണം ഇതുവരെ പൂർത്തിയായിട്ടുണ്ട്.