കൊച്ചി: കിഴക്കമ്പലം പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ച പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ പ്രസിഡന്റ് സസ്പെൻഡ് ചെയ്തു. സെക്രട്ടറിക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി. കിഴക്കമ്പലം ബസ് സ്റ്റാൻഡ് നവീകരണവുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കമാണ് ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടിയിൽ കലാശിച്ചത്.
സ്റ്റാൻഡിന്റെ നവീകരണം നടക്കുന്നതിനിടയിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ബസുകൾക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയും സ്റ്റാൻഡ് ജനകീയ ഉദ്ഘാടനം നടത്തുകയും ചെയ്തതുമുതൽ തുടങ്ങിയ തർക്കമാണ് തുടരുന്നത്. ബസ് സ്റ്റാൻഡ് പൂർണമായും അടച്ചിട്ട് നിർമ്മാണം നടത്തണമെന്ന പഞ്ചായത്ത് കമ്മിറ്റി തീരുമാനത്തിനു വിരുദ്ധമായി സെക്രട്ടറിയും അസിസ്റ്റന്റ് സെക്രട്ടറിയും ചേർന്ന് തീരുമാനം മാറ്റി എഴുതിയെന്നാണ് ഭരണസമിതിയുടെ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസം കമ്മിറ്റി തീരുമാനം മിനിട്സാക്കാൻ വിസമ്മതിച്ച സെക്രട്ടറിയെയും ജീവനക്കാരെയും ഭരണസമിതിയുടെ നേതൃത്വത്തിൽ രാത്രി വൈകും വരെ തടഞ്ഞു വച്ചിരുന്നു. ഒടുവിൽ പൊലീസെത്തിയാണ് മോചിപ്പിച്ചത്.
കുന്നത്തുനാട് എം.എൽ.എ സി.പി.എം ലോക്കൽ കമ്മിറ്റിയുമായി ചേർന്ന് പഞ്ചായത്ത് ഭരണത്തിൽ സ്തംഭനം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. പഞ്ചായത്തീരാജ് ആക്ടിന് വിരുദ്ധമായി ഗുരുതരമായ ചട്ടലംഘനം നടത്തിയതാണ് നടപടിക്ക് ആധാരം
മിനി രതീഷ്
പ്രസിഡന്റ്