ആലുവ: തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കുട്ടികളുടെ പരാതിക്കത്ത്. കീഴ്മാട് സ്വരുമ റസിഡന്റ്സ് അസോസിയേഷനിലെ അംഗങ്ങളുടെ കുട്ടികളാണ് തെരുവുനായ ശല്യം കാരണം സ്കൂളിൽ പോകുവാനും പുറത്തിറങ്ങാനും കളിക്കാനും പറ്റുന്നില്ലെന്ന് കാട്ടി കത്തെഴുതിയത്. നായകളുടെ ആക്രമണത്തെക്കുറിച്ച് ഓർക്കുമ്പോൾ പഠിക്കാൻ പോലും സാധിക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു. സ്വപ്നത്തിൽ പോലും നായകൾ ആക്രമിക്കുന്നതാണ് കാണുന്നതെന്നും ആയതിനാൽ ബന്ധപ്പെട്ട അധികൃതർക്ക് ഇതിന് പരിഹാരമുണ്ടാക്കാൻ നിർദ്ദേശം നൽകണമെന്നും കുട്ടികൾ പറയുന്നു. എൽ.കെ.ജി വിദ്യാർത്ഥി ഹെലൻമറിയം പോൾ മുതൽ പ്ലസ്ടു വിദ്യാർത്ഥി കൃഷ്ണനുണ്ണി രഞ്ജിത് അടക്കം 65 കുട്ടികളാണ് കത്തയച്ചത്.