പെരുമ്പാവൂർ: എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ വലിയ ജനകീയ സമരങ്ങൾക്ക് സാക്ഷ്യം വഹിച്ച നെല്ലിമോളം - കുറുപ്പംപടി റോഡിലെ കൂട്ടുമഠം ഭാഗത്തെ തകർന്ന കൾവർട്ട് നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. നിലവിൽ മുകൾഭാഗത്തെ സ്ലാബിന്റെ കോൺക്രീറ്റിംഗ് പൂർത്തിയായി. സെപ്തംബർ 25ന് മുമ്പ് തന്നെ റോഡ് തുറന്നു കൊടുക്കാനാകുമെന്നാണ് പ്രതീക്ഷ.
കനത്ത വെള്ളക്കെട്ട് നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. റോഡിന്റെ ശോചനീയാവസ്ഥയിൽ പരിഹാരം കാണുന്നതിൽ വലിയ നിരുത്തരവാദിത്വ നിലപാടാണ് എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് എൽ.ഡി.എഫ് ആരോപിച്ചിരുന്നു. തുടർന്ന് എൽ.ഡി.എഫ് രായമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കലുങ്ക് നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ഏരിയാ കമ്മിറ്റി അംഗം കെ.എൻ. ഹരിദാസ്, ആർ.എം. രാമചന്ദ്രൻ, എസ്. മോഹനൻ, ഇ.വി. ജോർജ്, എൻ.പി. അജയകുമാർ, എൻ. പ്രസാദ്, എസ്. രാധാകൃഷ്ണൻ, ടി.എ. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ അധികൃതർക്ക് നിവേദനം നൽകുകയും ചെയ്തു. ഇതേത്തുടർന്നാണ് പി.ഡബ്ല്യു.ഡി റോഡ് വിഭാഗം എൻജിനിയർമാർ അടിയന്തരമായ എസ്റ്റിമേറ്റ് തയ്യാറാക്കുകയും ഉടൻതന്നെ നിർമ്മാണം ആരംഭിക്കുകയും ചെയ്തത്.