പെരുമ്പാവൂർ: നാല് പതിറ്റാണ്ടായി അത്തം നാളിൽ ആരംഭിക്കുന്ന വളയൻചിറങ്ങരക്കാരുടെ ഓണക്കരോളിന് ഇത്തവണയും മാറ്റമുണ്ടായില്ല. വൃദ്ധരും കുട്ടികളും സ്ത്രീകളുമടക്കം നൂറുകണക്കിന് പേർ പങ്കെടുക്കുന്ന 9 ദിവസം നീണ്ടു നിൽക്കുന്ന ഓണക്കരോൾ ഈ വർഷവും ഉത്സവാന്തരീക്ഷത്തിൽ ആരംഭിച്ചു. പതിവിൽ നിന്ന് വ്യത്യാസമായി ഈ വർഷം രണ്ട് ബാച്ചുകളായിട്ടാണ് മാവേലിമാരുടെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച് ഓണപ്പാട്ടുകൾ പാടി തിരുവോണത്തിന്റെ വരവറിയിക്കുന്നത്. മാവേലിമാരുടെ ഗൃഹസന്ദർശനം ജനപങ്കാളിത്തം കൊണ്ട് ഓരോ വർഷവും ഏറെ ആകർഷണീയമാകുകയാണ്.
വളയൻചിറങ്ങര വി.എൻ. കേശവപിള്ള സ്മാരക വായനശാല, സുവർണ തീയറ്റേഴ്സ്, ഒളിമ്പിക്സ് പോർട്ട്സ് ക്ലബ്ബ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ നടന്നുവരുന്ന ഓണാഘോഷം ഉത്രാടദിനത്തിൽ ആയിരക്കണക്കിന് നാട്ടുകാരെ ആകർഷിക്കുന്ന ഘോഷയാത്രയോടെ സമാപിക്കും. ഈ വർഷത്തെ ഉത്രാട ഘോഷയാത്രയിൽ തെയ്യം, തിറ, ശിങ്കാരിമേളം, പുലികളി, അമ്മൻ കുടം, കുട കളി, കൈകൊട്ടിക്കളി, മയിലാട്ടം, വിളക്കാട്ടം, പരുന്തും കാളകളിയും, കാവടിയാട്ടം തുടങ്ങിയ കലാരൂപങ്ങൾ ഉണ്ടാകും.