തോപ്പുംപടി: സൗന്ദര്യവത്കരണത്തിന്റെ പേരിൽ നിർമ്മിച്ച മീഡിയൻ പൊതുജനങ്ങൾക്കും വ്യാപാരികൾക്കും വിനയാകുന്നു. ഓണക്കാലം കൂടിയായതോടെ തോപ്പുംപടിയിൽ രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യമാണ്. പൊതുവേ വീതി കുറഞ്ഞ റോഡായ തോപ്പുംപടിയിൽ ഒരു മീറ്റർ വീതിയിൽ മീഡിയൻ നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ നേരത്തേ തന്നെ പ്രതിഷേധം ഉയർന്നിരുന്നതാണ്. എന്നാൽ ഇത് വകവയ്ക്കാതെ അധികൃതർ മുന്നോട്ട് പോയതിന്റെ ദുരന്ത ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്. തോപ്പുംപടിയിലെ വ്യാപാര സ്ഥാപനങ്ങളിൽ ഇരുചക്ര വാഹനങ്ങളിൽ എത്തുന്നവർക്ക് പാർക്ക് ചെയ്യാൻ പോലും കഴിയുന്നില്ല. ഒറ്റവരി മീഡിയൻ നിർമ്മിച്ചിരുന്നെങ്കിൽ ഇത്രയും പ്രശ്‌നം ഉടലെടുക്കില്ലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഗതാഗത കുരുക്ക് കച്ചവടക്കാരെയും കാര്യമായി ബാധിക്കുന്നുണ്ട്. ഉപഭോക്താക്കൾ തോപ്പുംപടിയെ ഉപേക്ഷിക്കുന്ന സാഹചര്യമാണെന്നും കച്ചവടക്കാർ പറയുന്നു.

ചിലരുടെ അഹങ്കാരവും ധിക്കാരപരവുമായ സമീപനം മൂലമാണ് ഇത്തരത്തിൽ അശാസ്ത്രീയ മീഡിയൻ നിർമാണം നടന്നത്. നിലവിലെ മീഡിയൻ നീക്കി ഒറ്റ വരി മീഡിയൻ നിർമ്മിക്കണം. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമീപനം ആര് സ്വീകരിച്ചാലും കക്ഷി രാഷ്ട്രീയ ഭേദമന്യേ സമാന ചിന്താഗതിക്കാരുമായി യോജിച്ച് പ്രക്ഷോഭം സംഘടിപ്പിക്കും

അബ്ദുൽ ജലീൽ

മണ്ഡലം സെക്രട്ടറി

സി.പി.ഐ