ആലുവ: തുരുത്ത് സർക്കാർ സ്‌കൂളിന് സമീപം മനയ്ക്കപ്പടി റോഡിൽ അതിരൂക്ഷമായി വെള്ളക്കെട്ട്. മഴ പെയ്താൽ പൊതുമരാമത്ത് റോഡ് വെള്ളത്തിൽ മുങ്ങും. 200 മീറ്ററോളം റോഡിൽ വെള്ളം നിറഞ്ഞ് യാത്ര ചെയ്യാൻ കഴിയാതെയാകും. മുട്ടിന് മീതെ വെള്ളത്തിലൂടെ വേണം കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാൻ.
കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ വാഹനങ്ങൾ പോകുമ്പോൾ ചെളിവെള്ളം കാൽനടക്കാർക്ക് മേൽ പതിക്കും.
തുരുത്തിലെ ഏക സർക്കാർ കെ.വൈ എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികളും വെള്ളക്കെട്ട് മൂലം യാത്ര ചെയ്യാനാവാതെ ബുദ്ധിമുട്ടുകയാണ്. രക്ഷകർത്താക്കളെത്തിയാണ് വിദ്യാർത്ഥികളെ കൊണ്ടു പോകുന്നത്. മഴ മാറിയാലും മണിക്കൂറുകൾ കഴിഞ്ഞാലേ വെള്ളക്കെട്ടിന് നേരിയതോതിലെങ്കിലും ശമനമാകൂ. വെള്ളം നീങ്ങി കഴിഞ്ഞാൽ പിന്നെ അപകടക്കെണിയാണ്. റോഡിലെ കൊടും വളവിൽ അടിഞ്ഞുകൂടുന്ന മണലിൽ ചക്രം തെന്നി ഇരുചക്ര വാഹനയാത്രക്കാർക്ക് അടിക്കടി അപകടവും ഉണ്ടാകുന്നുണ്ട്.
മഴ വെള്ളം ഒഴുകി പോകുവാൻ കാനയില്ലാത്തതാണ് ഇവിടത്തെ വെള്ളക്കെട്ടിന് കാരണം. റോഡിന് സമീപം 300 മീറ്റർ കാന നിർമ്മിച്ച് വെള്ളം സുഗമമായി ഒഴുക്കിയാൽ ദുരിതം ഒഴിവാകും. കാന നിർമ്മിച്ച് വെള്ളക്കെട്ട് പരിഹരിക്കാൻ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് തുരുത്ത് സമന്വയ ഗ്രാമവേദി പ്രവർത്തകർ അധികൃതരോട് ആവശ്യപ്പെട്ടു.