sndp-paravur
ഗുരുദേവൻ ജ്വലിപ്പിച്ച ആലുവ അദ്വൈതാശ്രമത്തിലെ കെടാവിളക്കിൽ നിന്ന് പകർന്നെടുത്ത ദിവ്യജ്യോതി എസ്.എൻ.ഡി.പി യൂണിയൻ ഭാരവാഹികൾ ഏറ്രുവാങ്ങുന്നു

പറവൂർ: ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രീനാരായണ ദിവ്യജ്യോതി പര്യടനത്തിന് ഭക്തസാന്ദ്രമായ തുടക്കം. ഇനിയുള്ള അഞ്ചുനാളുകൾ യൂണിയനിലെ 72 ശാഖായോഗങ്ങളിലും ദിവ്യജ്യോതി പ്രകാശിക്കും. ഗുരുദേവൻ ജ്വലിപ്പിച്ച ആലുവ അദ്വൈതാശ്രമത്തിലെ കെടാവിളക്കിൽ നിന്ന് ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ പകർന്നെടുത്ത ദിവ്യജ്യോതി എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എം. സോമൻ ഏറ്റുവാങ്ങി പറവൂർ യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണനും കൺവീനർ ഷൈജു മനയ്ക്കപ്പടിക്കും കൈമാറി. തുടർന്ന് യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് കെ.എസ്. അഭിഷേക്, സെക്രട്ടറി നിഖില ദിലീപ് എന്നിവരുടെ നേതൃത്വത്തിൽ നിരവധി അത്‌ലറ്റുകളുടെയും നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെ പറവൂർ മുനിസിപ്പൽ കവലയിൽ എത്തിച്ചു. യൂണിയൻ ഭാരവാഹികളും പോഷകസംഘടന, ശാഖായോഗം ഭാരവാഹികളും ഗുരുദേവഭക്തരും ചേർന്ന് സ്വീകരിച്ച് നഗരത്തിലൂടെ ഘോഷയാത്രയായി യൂണിയൻ ആസ്ഥാനത്ത് എത്തിച്ചു.

ദിവ്യജ്യോതി പര്യടനം ഇന്ന്

ശ്രീനാരായണ ദിവ്യജ്യോതി ഇന്ന് രാവിലെ 10ന് പെരുമ്പടന്ന ശാഖയിൽ നിന്ന് പര്യടനം ആരംഭിക്കും. 10.30ന് കൊടമംഗലം, 11ന് നന്ത്യാട്ടുകുന്നം, 11.30ന് ഏഴിക്കര - കടക്കര, 12ന് വെസ്റ്റ് കൈതാരം, 12.30ന് കൈതാരം - കോട്ടുവള്ളി, 1ന് വെസ്റ്റ് കിഴക്കേപ്രം, 2.30ന് പറവൂർ ടൗൺ വെസ്റ്റ്, 3ന് പറവൂർ ടൗൺ, 3.30ന് മാഞ്ഞാലി - പറവൂത്തറ, 4ന് കിഴക്കേപ്രം, 4.30ന് തത്തപ്പിള്ളി - മന്നം, 5ന് തത്തപ്പിള്ളി ശാഖയിൽ സമ്മേളനത്തോടെ സമാപിക്കും.