കോലഞ്ചേരി: വീട്ടിൽ വൈദ്യുതി വെളിച്ചമെന്ന് ജയശ്രീയുടെ സ്വപ്നം പുത്തൻകുരിശ് കെ.എസ്.ഇ.ബി ഓഫീസ് ജീവനക്കാർ യാഥാർത്ഥ്യമാക്കി. വടയമ്പാടി ഭജനമഠത്തിലെ താമസക്കാരിയാണ് ജയശ്രീ. വർഷങ്ങളായി അരണ്ട മെഴുകുതിരിയുടെ വെളിച്ചത്തിൽ ആരോരുമില്ലാതെ ഒറ്റയ്ക്കായിരുന്നു താമസം. നാട്ടിലെ വിവിധ വീടുകളിൽ കൂലിപണിയെടുത്ത് ലഭിക്കുന്ന തുച്ഛ വരുമാനത്തിലാണ് ജീവിതം തള്ളി നീക്കുന്നത്. വീടുണ്ടായിട്ടും കറന്റ് കണക്ഷനായി വയറിംഗ് പൂർത്തിയാക്കാൻ പണമില്ലാതെ മറുവഴിയന്വേഷിച്ച് പുത്തൻകുരിശ് കെ.എസ്.ഇ.ബി ഓഫീസിലെത്തിയതോടെയാണ് ജീവിതത്തിന്റെ വഴിമാറിയത്. ഓഫീസിലെ വനിത ജീവനക്കാരിയോടാണ് ജീവിത പ്രാരാബ്ധങ്ങൾ പറഞ്ഞത്. ഇക്കാര്യം ജീവനക്കാരി ഓഫീസിലെ മറ്റുള്ളവരോടെ പങ്കുവച്ചതോടെ ഓണാഘോഷങ്ങൾക്ക് അവധി നൽകി ജയശ്രീയ്ക്ക് കൈത്താങ്ങാകാമെന്ന് തീരുമാനിക്കുകയായിരുന്നു.
ഓഫീസിലെ ജോലികൾക്കുശേഷം ജീവനക്കാരായ രാജേഷും രമേഷും വയറിംഗ് സാധനങ്ങളുമായെത്തി പണി പൂർത്തിയാക്കുകയായിരുന്നു. ഡെപ്പോസിറ്റും കണക്ഷനായി അടക്കേണ്ട തുകയും വയറിംഗ് സാമഗ്രികളുടെ പണവും ജീവനക്കാർ സ്വരൂപിച്ചു.
പുത്തൻകുരിശ് സബ്ഡിവിഷൻ അസിസ്റ്റന്റ്എക്‌സിക്യുട്ടീവ് എൻജിനീയർ എസ്. സുരേഷ് സന്നിഹിതനായ ചടങ്ങിൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ ആഷിക് മാർട്ടിൻ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. സബ് എൻജിനീയർമാരായ ആഘോഷ് ശിവൻ, പി.ആർ. രേവതി ജീവനക്കാരായ തുളസീധരൻ, ആർ.കെ. സുനിൽകുമാർ, എം.കെ. അനിമോൻ, പി.ജി. രാജേഷ്, പീറ്റർ, എം.കെ. ശിവൻ, അലീന ബിജു എന്നിവർ സംബന്ധിച്ചു.