കൊച്ചി: നഗരത്തിലെ പ്രധാന റോഡുകളിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി, തിരക്കേറിയ സമയങ്ങളിൽ സിഗ്‌നൽ ലൈറ്റുകൾക്കു പകരം പൊലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണമെന്ന് ഹൈക്കോടതി. ബാനർജിറോഡ് മുതൽ പാലാരിവട്ടംവരെയും മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മുതൽ വൈറ്റിലവരെയും രാവിലെ 8.30 മുതൽ 10.00 വരെയും വൈകിട്ട് അഞ്ചുമുതൽ 7.30വരെയും ട്രാഫിക് പൊലീസ് നിയന്ത്രണം ഏറ്റെടുക്കണമെന്ന് ജസ്റ്റിസ് അമിത് റാവൽ നിർദ്ദേശിച്ചു. ഉദ്യോഗസ്ഥർക്ക് വാക്കിടോക്കിവഴി ആശയവിനിമയം നടത്താൻ കഴിയുന്നതിനാൽ കൂടുതൽ ഫലപ്രദമായി ഗതാഗതം നിയന്ത്രിക്കാനാവും. എവിടെയെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ മുൻകൂട്ടി ക്രമീകരണം ഏർപ്പെടുത്താനാവും. ഇതു സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട് സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറി.
സ്വകാര്യബസുകളുടെ മത്സരയോട്ടവുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതി നിർദ്ദേശം.
ഏറെ കാത്തുനിന്നശേഷം പച്ചസിഗ്‌നൽ തെളിയുമ്പോൾ വളരെ കുറച്ച് വാഹനങ്ങൾക്കേ കടന്നുപോകാൻ കഴിയുന്നുള്ളൂവെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പറയുന്നു. അപ്പോഴേക്കും സിഗ്‌നൽ വീണ്ടും ചുവപ്പാകും. വാഹനക്കുരുക്കിൽ നഗരം നിശ്ചലമാകുന്നതായും ചൂണ്ടിക്കാട്ടി. തുടർന്നാണ് കോടതി ഇടപെടലുണ്ടായത്.

സ്വകാര്യബസുകളുടെ മത്സരയോട്ടം തടയാൻ സർവീസുകൾക്കിടയിലെ ഇടവേള കൂട്ടാൻ ആർ.ടി.എ നടപടിയെടുക്കണമെന്ന് നിർദ്ദേശിച്ചു. നഗരപ്രദേശങ്ങളിൽ അഞ്ചുമിനിറ്റും ഗ്രാമീണ മേഖലകളിൽ പത്തുമിനിറ്റും ഇടവേള വേണമെന്ന് ആർ.ടി.എക്ക് കത്തെഴുതിയിട്ടുണ്ടെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചിരുന്നു. സമയക്രമം മാറ്റുന്നകാര്യത്തിൽ ആർ.ടി.എ രണ്ടാഴ്ചയ്ക്കകം യോഗം വിളിച്ചുകൂട്ടി തീരുമാനമെടുക്കണമെന്നും ആഗസ്റ്റ് എട്ടിന് കോടതി നിർദ്ദേശിച്ചിരുന്നു. ഓണം അവധിയായതിനാൽ യോഗം സെപ്തംബർ 29ന് നടത്തുമെന്ന് സർക്കാർ അഭിഭാഷകന്റെ വിശദീകരണം തൃപ്തികരമല്ലെന്നും കോടതി പറഞ്ഞു.