കോതമംഗലം: വേങ്ങൂർ കുന്നത്തുതാഴെ ശാന്തയെ കൊലപ്പെടുത്തിയത് സ്വർണാഭരണങ്ങൾക്കുവേണ്ടിയാണെന്ന് പ്രതി അടിമാലി പാലക്കാട്ടേൽ രാജേഷ് പൊലീസിനോട് സമ്മതിച്ചു. താൻ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നും ചുറ്റിക കൊണ്ട് തലക്കടിക്കുകയായിരുന്നുവെന്നും രാജേഷ് മൊഴി നൽകി. ഊന്നുകല്ലിൽ മൃതദേഹം ഒളിപ്പിച്ച വീട്ടിൽവച്ചുതന്നെയാണ് കൊലപാതകവും നടത്തിയത്. ചുറ്റിക നേര്യമംഗലത്തെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു.

ശാന്തയുടെ വസ്ത്രങ്ങളും സമീപത്തെ തോട്ടിലും ബാഗും ഫോണും കോതമംഗലത്തെ കുരൂർ തോട്ടിലും വലിച്ചെറിഞ്ഞു. നേരത്തെ മുതലുള്ള അടുപ്പം മുതലാക്കി ശാന്തയെ തന്ത്രപൂർവം ഊന്നുകല്ലിൽ എത്തിക്കുകയായിരുന്നുവെന്നാണ് രാജേഷ് പറയുന്നു.

ബുധനാഴ്ച എറണാകുളത്തു നിന്ന് പിടിയിലായ രാജേഷിനെ ഊന്നുകൽ സ്റ്റേഷനിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ വൈകിട്ട് റിമാൻഡ് ചെയ്തു. രാജേഷിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ശാന്തയുടെ വസ്ത്രങ്ങളും ഫോണും ബാഗും കണ്ടെത്തണം. പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.