കൊച്ചി: ഐ.ടി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയ കേസിൽ നടി ലക്ഷ്മി മേനോന്റെ മുൻകൂർ ജാമ്യാപേക്ഷയെ പൊലീസ് എതിർക്കും. അറസ്റ്റിലായ മറ്റു പ്രതികൾക്കൊപ്പം തുല്യപങ്കാളിത്തം നടിക്കുമുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിക്കും. നടിയോട് മോശമായി സംസാരിക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് സംഭവത്തിൽ കലാശിച്ചത്. നടിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് കോടതിയെ അറിയിക്കും.
സെപ്തംബർ 17 വരെ ഹൈക്കോടതി അറസ്റ്റ് വിലക്കിയ സാഹചര്യത്തിൽ മൂന്നാംപ്രതിയായ ലക്ഷ്മി മേനോന് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് നിറുത്തിവച്ചു.
എറണാകുളം നഗരത്തിലെ ബാറിലുണ്ടായ തർക്കത്തിന്റെ തുടർച്ചയായാണ് ഐ.ടി ജീവനക്കാരനെ പ്രതികൾ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി ആലുവയ്‌ക്കു സമീപം പറവൂർ കവലയിൽ തള്ളിയത്. സംഘത്തിൽ നടി ഉൾപ്പെട്ടതിനുള്ള തെളിവുകൾ പരാതിക്കാരനായ അലിയാർ ഷാ സലിം നോർത്ത് പൊലീസിന് കൈമാറിയിരുന്നു. പറവൂർ സ്വദേശികളായ മിഥുൻ, അനീഷ്, കുട്ടനാട് സ്വദേശി സോന എന്നിവരാണ് അറസ്റ്റിലായത്.