കൊച്ചി: എറണാകുളം ഗവ. നഴ്സിംഗ് കോളേജ് വളപ്പിലെ തണൽമരം കടപുഴകി. ഇന്നലെ വൈകിട്ട് 3.20നാണ് കോളേജിന്റെ കൊച്ചി കോർപ്പറേഷൻ ഓഫീസ് മതിലിനോട് ചേർന്ന ഭാഗത്തെ മരം പാർക്ക് അവന്യുറോഡിലേക്ക് വീണത്. കോർപ്പറേഷൻ ഓഫീസിന്റെ മതിലിന്റെ ഒരു ഭാഗവും കേബിളുകളും തകർന്നു. നടപ്പാതയിൽ യാത്രക്കാരും റോഡിൽ വാഹനങ്ങളും ഇല്ലാതിരുന്നത് അപായം ഒഴിവാക്കി. മരം വീഴുന്നതിന് അരമിനിറ്റ് മുമ്പ് സ്കൂട്ടർ കടന്നു പോയിരുന്നു.
അപകടത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. ക്ലബ്ബ്റോഡ് ഫയർഫോഴ്സ് ഒന്നരമണിക്കൂർ ശ്രമിച്ചാണ് മുറിച്ചു നീക്കിയത്. രണ്ട് മാസം മുമ്പ് ഇതേ റോഡിൽ ഡി.എം.ഒ ഓഫീസിന് മുന്നിലെ നടപ്പാതയിലെ തണൽമരം കടപുഴകിയിരുന്നു.