കൊച്ചി: കാറിൽ നിന്ന് അമ്മ പുറത്തിറങ്ങിയപ്പോൾ അബദ്ധത്തിൽ വാതിലടഞ്ഞ് കാറിനുള്ളിൽ കുടുങ്ങിയ ഒന്നരവയസുകാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.
ഇന്നലെ വൈകിട്ട് 3.55ന് ഇടപ്പള്ളി ടോളിന് സമീപം ജനതാ റോഡിലെ വീട്ടിലായിരുന്നു സംഭവം. കാറിന്റെ പിൻസീറ്റിലാണ് കുഞ്ഞ് ഇരുന്നത്. അമ്മ ഡ്രൈവറുടെ സീറ്റ് തുറന്ന് പുറത്തിറങ്ങിയപ്പോൾ താക്കോൽ എടുത്തില്ല. അമ്മ ഇറങ്ങിയപ്പോൾ വാതിൽ അബദ്ധത്തിൽ അടഞ്ഞതോടെ കുഞ്ഞ് അകത്ത് കുടുങ്ങി. പരിഭ്രാന്തനായി കുഞ്ഞ് കരഞ്ഞതോടെയാണ് അമ്മ ഫയർഫോഴ്സിന്റെ സേവനം തേടിയത്.
ഗാന്ധിനഗറിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘത്തിലെ ഫയർമാൻ മനോജ്കുമാർ സ്റ്റീൽ സ്കെയിൽ ഉപയോഗിച്ച് ചില്ല് താഴ്ത്തി താക്കോലെടുത്ത് വാതിൽ തുറന്നാണ് കുഞ്ഞിനെ പുറത്തെടുത്തത്.