ചോറ്റാനിക്കര: വഴിയോര കച്ചവടക്കാരും മറ്റും പൊതുമരാമത്ത് റോഡിന്റെ നടപ്പാതകൾ കൈയേറിയെന്ന പരാതിയിൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചോറ്റാനിക്കര പഞ്ചായത്ത് സൗന്ദര്യവത്കരണം എന്ന പേരിൽ സ്ഥാപിച്ച കൈവരിയും പരസ്യബോർഡുകളും ജനങ്ങൾക്ക് ദുരിതമാകുന്നു. നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കൈവരി സ്ഥാപിച്ച റോഡ് ടാർ ചെയ്ത്, പുറമേയുള്ള ഭാഗവും നടപ്പാതയും ടൈൽ പാകും എന്നായിരുന്നു അധികാരികളുടെ വാഗ്ദാനം. വർഷം ഒന്നു കഴിഞ്ഞിട്ടും ഈ വാഗ്ദാനം നടപ്പാക്കിയില്ല.
നടപ്പാത എന്നുപറയുന്ന തകർന്ന ഓടയുടെ മുകളിലൂടെ ജീവൻ പണയംവച്ച് വേണം കാൽനടക്കാർക്ക് കടന്നുപോകാൻ. കൈവരി സ്ഥാപിച്ചതോടെ നടപ്പാതയ്ക്കുള്ളിൽ ലോട്ടറി, പൂക്കച്ചവടങ്ങൾ നടക്കുന്നതും കടകളിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ കൂട്ടമായി നിൽക്കുന്നതും വഴിയാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
ഇതോടെ ജീവൻ പണയംവച്ച് വാഹനത്തിരക്കേറിയ റോഡിലൂടെയാണ് ഭക്തജനങ്ങൾ അടക്കമുള്ളവരുടെ യാത്ര.
കൈവരി സ്ഥാപിച്ചതിനാൽ പഴയതിനേക്കാൾ റോഡിന്റെ വീതി കുറഞ്ഞതും ടൗണിൽ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുണ്ട്. രണ്ടു ബസുകൾ ഒരുമിച്ച് വന്നാൽ ഗതാഗത തടസം പതിവാണ്.
ചോറ്റാനിക്കര ക്ഷേത്രത്തിലേക്ക് ഭക്തരുടെ വാഹനങ്ങൾ കൂടി എത്തുന്നതോടെ കാൽനട യാത്രക്കാർക്ക് റോഡിലൂടെ നടക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. നടപ്പാത സഞ്ചാരയോഗ്യമാക്കി കാൽനടയാത്രക്കാർക്ക് സുരക്ഷിതമായ യാത്രയൊരുക്കണമെന്ന് ഭക്തജനങ്ങളടക്കം ആവശ്യപ്പെടുന്നു.
പുനരധിവസിപ്പിക്കണം
വഴിയോര കച്ചവടക്കാരെ
25 വർഷത്തിലധികമായി ക്ഷേത്ര പരിസരത്ത് പൂക്കച്ചവടം നടത്തുന്നവരെ സംരക്ഷിക്കണമെന്ന് ആവശ്യവും ശക്തമാണ്.നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി വഴിയോര കച്ചവടം നടത്തി ഉപജീവനമാർഗം കണ്ടെത്തിയിരുന്നവരെ ഒഴിവാക്കിയാണ് നടപ്പാത നിർമ്മിച്ചത്. ഇതോടെ ക്ഷേത്ര പരിസരത്ത് പൂക്കച്ചവടം നടത്തിയിരുന്നവർ പെരുവഴിയിലായി. ഇതേത്തുടർന്ന് നടപ്പാതയുടെ സമീപത്ത് പൂക്കച്ചവടം തുടങ്ങിയതോടെ കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടായി. പൂക്കച്ചവടക്കാർക്ക് ദേവസ്വത്തിന്റെ സ്ഥലത്ത് തറവാടക നിശ്ചയിച്ച് സൗകര്യം ഒരുക്കിയാൽ റോഡിലെ തടസമില്ലാതെയാകും.
തിരക്ക് ഒഴിവാക്കാം യാത്ര സുഗമമാക്കാം.
1 വഴിയരികിലെ അനിതകൃത പാർക്കിംഗ് ഒഴിവാക്കണം
2 നടപ്പാത കൈയേറി വച്ചിട്ടുള്ള ബോർഡുകൾ നീക്കം ചെയ്യണം
4 സ്വകാര്യ ബസുകൾക്ക് വൺവേ സംവിധാനം ഏർപ്പെടുത്തണം
5 ഗതാഗതം സുഗമമാക്കുവാൻ പൊലീസിനെ നിയോഗിക്കണം
നടപ്പാത നിർമ്മാണത്തിന്റെ മറവിൽ സ്വകാര്യ കമ്പനികളുടെ പരസ്യം പ്രചരിപ്പിച്ച് പണം ഉണ്ടാക്കുക മാത്രമാണ് അധികാരികളുടെ ലക്ഷ്യം.
ജോമോൻ ജോയ്
കോൺഗ്രസ്