pic

കൊച്ചി: പൊന്നോണം മുൻവർഷങ്ങളേക്കാൾ കളർഫുൾ ആക്കാനുള്ള തയ്യാറെടുപ്പിനായി എറണാകുളം ബ്രോഡ്‌വേയിൽ 'സിവിൽ ഡ്രസിൽ" കറങ്ങിനടക്കുകയാണ് 'മാവേലിമാർ". ചുണ്ടൻ വള്ളം മോഡൽ ചെരിപ്പ് മുതൽ കിരീടം വരെയുള്ള അലങ്കാരങ്ങളുടെ പുതുപുത്തൻ മോഡലുകൾ കടകളിൽ കാത്തിരിക്കുമ്പോൾ 'പാതാളം", കോട്ടയത്തെ 'ദേവലോകം" എന്നിവിടങ്ങളിൽ നിന്നു മാത്രമല്ല, തെയ്യങ്ങളുടെ നാടായ വടക്കൻ മലബാറിൽ നിന്നുവരെ 'മാവേലിമാർ" ബ്രോ‌ഡ്‌വേയിലേക്ക് എത്തുന്നു. ഓലക്കുട, മെതിയടി, ആഭരണങ്ങൾ, കൊമ്പൻമീശ, വലിയ കമ്മൽ, കസവു മുണ്ട്, നേരിയത് തുടങ്ങിയവ മുതൽ റെഡിമെയ്ഡ് പൂക്കളം, പൂക്കുല, ഓണത്തപ്പൻ, വൈവിദ്ധ്യമാർന്ന പൂക്കൾ, കുരുത്തോല, പുലിയുടെ മുഖംമൂടി, മാവേലി സ്റ്റിക്കർ എന്നിങ്ങനെ തിരുവിതാംകൂർ, കൊച്ചി, മലബാർ മാവേലിമാരുടെ അഭിരുചിക്കിണങ്ങിയ സകലതും കുറഞ്ഞവിലയ്ക്ക് സ്വന്തമാക്കാം.

ഓണാഘോഷത്തിൽ മാവേലിവേഷം കെട്ടുന്നവർക്കുള്ള അലങ്കാരങ്ങളുടെ മാത്രമല്ല,​ തുണി, വർണക്കടലാസ് എന്നിവ കൊണ്ടുള്ള ഒറിജിനലിനെ വെല്ലുന്ന പൂക്കളുടെ കച്ചവടവും പൊടിപൊടിക്കുന്നു. ഓലക്കുടയും മെതിയടിയും ഒറിജിനലാണ്. പല വലിപ്പത്തിലുള്ള റെഡിമെയ്ഡ് പൂക്കളങ്ങൾക്ക് ആവശ്യക്കാരേറെ.

വർഷങ്ങൾക്കു ശേഷം പൊന്നോണവിപണി ഉഷാറായതിന്റെ ആശ്വാസത്തിലാണ് കച്ചവടക്കാർ. ഉത്സവങ്ങളിൽ ഏറ്റവും വരുമാനം നൽകുന്നതാണ് ഓണമെന്ന് കച്ചവടക്കാർ പറയുന്നു. ക്രിസ്മസ് സീസണിലെ ഒരു മാസത്തെ കച്ചവടം പത്തുദിവസംകൊണ്ട് ഓണക്കാലത്തു കിട്ടും. മഴയാണ് ഏക ഭീഷണി. കൊവിഡ് കാലത്തെ ക്ഷീണം മാറ്റിയെടുക്കാൻ ഈ സീസൺ സഹായകമാകുമെന്നാണ് പ്രതീക്ഷ.

മാവേലിക്കുമാവാം നക്ഷത്രം!
ക്രിസ്മസ് സ്റ്റാറിനെ കടത്തിവെട്ടുന്ന കളർഫുൾ മാവേലി നക്ഷത്രങ്ങൾ വിപണിയിൽ വെട്ടിത്തിളങ്ങുന്നു. മാവേലിയും പുലികളും വാമനനുമൊക്കെ നക്ഷത്രങ്ങളിൽ കയറിപ്പറ്റിയിട്ടുണ്ട്. വിപണിയിൽ ആദ്യമായെത്തിയ ഓണം നക്ഷത്രത്തിന് 250 രൂപ മുതലാണ് വിലയെന്ന് 25 വർഷമായി ബ്രോഡ് വേയിൽ കച്ചവടം നടത്തുന്ന തൃശൂർ സ്വദേശി റോയി പറയുന്നു. വലിപ്പവും അലങ്കാരങ്ങളും കൂടുമ്പോൾ വിലയും ഉയരും. നക്ഷത്രം മെഗാഹിറ്റായതോടെ വരുംവർഷങ്ങളിൽ കൂടുതൽ നക്ഷത്രങ്ങൾ ഉദിച്ചുയരും.

മൊത്തം സെറ്റിന് 4000!

മാവേലിയാകാനുള്ള മൊത്തം സെറ്റിന് ശരാശരി 4000 രൂപയാണ് വില. പൂക്കളം 150 രൂപ മുതൽ 1000വരെ. കിരീടം 1000 രൂപ, ഓലക്കുട 1000-1500 എന്നിങ്ങനെയാണ് ശരാശരി വില. ഓലക്കുടയും മെതിയടിയും പാലക്കാട്, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്നാണ് എത്തുന്നത്. മറ്റു സാധനങ്ങൾ കൊൽക്കത്ത, മുംബയ്, ഡൽഹി, പുനെ എന്നിവിടങ്ങളിൽ നിന്നും. കോളേജ്, സംഘടനകൾ, സൊസൈറ്റികൾ, അസോസിയേഷനുകൾ എന്നിവ ഓണാഘോഷ പരിപാടികൾക്ക് 'മാവേലി സെറ്റ് " വാങ്ങുന്നു.

കുടവയറും കൊമ്പൻമീശയും

ഹിറ്റ് കോമ്പിനേഷൻ

മാവേലിയുടെ രൂപത്തിനിണങ്ങിയ ഏതു വേഷവും ഇവിടെയുണ്ട്. കുടവയറൻ മാവേലി, ജിമ്മൻ മാവേലി, നൂലൻ (വണ്ണം കുറഞ്ഞ) മാവേലി എന്നിങ്ങനെ പലതാണ് താരങ്ങൾ. കുടവയറും കൊമ്പൻമീശയുമാണ് മാസ്റ്റർപീസ് കോമ്പിനേഷൻ. പുലിയുടെ മുഖംമൂടിക്കും ആവശ്യക്കാരേറെ. പുള്ളിപ്പുലി, കരിമ്പുലി, കടുവ എന്നിവയ്ക്കു പുറമേ സിംഹവും കരടിയും എത്തിയിട്ടുണ്ട്.