നെടുമ്പാശേരി: സ്ഥിതിവിവരക്കണക്കുകൾ അടിസ്ഥാനമാക്കിയ പദ്ധതി രൂപീകരണം രാജ്യത്തിന്റെ സമഗ്ര പുരോഗതിക്ക് അനിവാര്യമെന്ന് കേന്ദ്ര സ്ഥിതിവിവരക്കണക്ക് പദ്ധതി നിർവ്വഹണ മന്ത്രാലയം സെക്രട്ടറി ഡോ. സൗരഭ് ഗാർഗ് പറഞ്ഞു.

കേന്ദ്ര സ്ഥിതിവിവരക്കണക്ക് പദ്ധതി നിർവ്വഹണ മന്ത്രാലയവും സംസ്ഥാന സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പും സംയുക്തമായി സമുദ്ര മേഖലയിലെ സാമ്പത്തിക പ്രവർത്തനങ്ങളെ സംബന്ധിച്ച് സംഘടിപ്പിച്ച ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതികൾ തയ്യാറാക്കുന്നത് വിവിധ മേഖലകളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. സമുദ്ര മേഖലയിൽ നടത്തുന്ന സാമ്പത്തിക പ്രവർത്തനങ്ങൾ സമുദ്ര ആവാസ വ്യവസ്ഥയെ ബാധിക്കുന്നുണ്ട്. സാമ്പത്തിക പ്രവർത്തനങ്ങൾ പരിസ്ഥിതി സംതുലനം കൂടി പരിഗണിച്ച് കൊണ്ടാവണം. അതിനാവശ്യമായ പദ്ധതികൾ തയ്യാറാക്കുന്നതിന് സമുദ്ര മേഖലയുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സ്ഥിതിവിവരക്കണക്ക് പദ്ധതി നിർവ്വഹണ മന്ത്രാലയം ഡയറക്ടർ ജനറൽ എൻ.കെ. സന്തോഷി, അഡീഷണൽ ഡയറക്ടർ ജനറൽ സുബാഷ് ചന്ദ്രമാലിക്, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അനിത ഭാഗേൽ, സംസ്ഥാന സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡയറക്ടർ ജി.എസ്. രജത്ത്, പി.കെ. ശ്രീവാസ്തവ, ഡോ. എൻ. അശ്വതി, ജെ.സി. ബാബു തുടങ്ങിയവർ പങ്കെടുത്തു.