train

കൊച്ചി: എറണാകുളം സൗത്ത് ( ജംഗ്ഷൻ) റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടുന്ന ജോലി തുടങ്ങി. 21 കോച്ചുകൾ മാത്രം നിർത്തിയിടാൻ ശേഷിയുള്ള പ്ലാറ്റ്ഫോം 24 കോച്ചുകൾക്ക് നിർത്താൻ തക്കവണ്ണം നീളം കൂട്ടും. പ്ലാറ്റ്ഫോമിന്റെ തെക്ക് ഭാഗത്ത് ആക്സിഡന്റ് റിലീഫ് വാൻ (എ.ആർ.വി) നിർത്തിയിടുന്ന ഭാഗത്തെ വീതിയും നീളവുമാണ് വർദ്ധിപ്പിക്കുന്നത്.

നീളം കൂട്ടിക്കഴിഞ്ഞാൽ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന്റെ ആലപ്പുഴ ഭാഗത്തേക്കുള്ള സിഗ്നൽ മാറ്റി സ്ഥാപിക്കും. റിലീഫ്‌വാൻ നിലവിൽ കിടക്കുന്ന ട്രാക്ക് പൊളിച്ചുമാറ്റി പുതിയ ട്രാക്ക് സ്ഥാപിക്കും. ഇവിടെയുള്ള ഓവർഹെഡ് ഇലക്ട്രിക്ക് ലൈനിന്റെ തൂണുകൾ മാറ്റിസ്ഥാപിക്കുന്നതാണ് പ്രയാസം പിടിച്ച ജോലി.

നിലവിൽ സൗത്ത് സ്റ്റേഷനിലെ 1, 3, 4 പ്ലാറ്റ്ഫോമുകളിൽ മാത്രമാണ് 24 ഐ.സി.എഫ് കോച്ചുകളും 22 എൽ.എച്ച്.ബി കോച്ചുകളുമുള്ള ട്രെയിനുകൾ നിർത്തിയിടാൻ സൗകര്യമുള്ളത്. 2, 5 പ്ലാറ്റ്ഫോമുകളിൽ പരമാവധി 21 കോച്ചുകൾക്കും ആറാം നമ്പർ പ്ലാറ്റ്ഫോമിൽ 18 കോച്ചുകൾക്കും മാത്രമാണ് സൗകര്യം. തിരക്കേറിയ സമയങ്ങളിൽ ദീർഘദൂര ട്രെയിനുകൾക്ക് പ്ലാറ്റ്ഫോം ലഭ്യമല്ലാത്തതിനാൽ കുമ്പളം, എറണാകുളം ടൗൺ, ഇടപ്പള്ളി സ്റ്റേഷനുകളിൽ കാത്തുകെട്ടിക്കിടക്കേണ്ട സ്ഥിതിക്ക് മാറ്റമുണ്ടാകും.

വി.ഐ.പി സൈഡിംഗിൽ പുതിയ അലൈൻമെന്റ്

ആദ്യപടിയായി മൂന്ന് കോച്ചുകളുള്ള ആക്സിഡന്റ് റിലീഫ് വാൻ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ തെക്ക് സ്ഥിതി ചെയ്യുന്ന വി.ഐ.പി സൈഡിംഗ് ട്രാക്കിലേക്ക് മാറ്റും. ഒന്നര കോച്ചുകൾ വീതം നിർത്തിയിടാവുന്ന രണ്ട് ട്രാക്കുകളാണ് സൈഡിംഗ് ട്രാക്ക് ഭാഗത്തുള്ളത്. ഇവിടെ മൂന്ന് കോച്ചുകൾ വീതം ഇടാവുന്ന രണ്ട് പുതിയ ട്രാക്കുകൾ സ്ഥാപിക്കാൻ പഴയ ട്രാക്കുകൾ പൊളിച്ചു നീക്കി. പുതിയ അലൈൻമെന്റിനുള്ള ജോലി അതിവേഗം പുരോഗമിക്കുന്നു. രണ്ട് മാസത്തിനുള്ളിൽ പുതിയ ട്രാക്കുകൾ പൂർത്തിയാക്കി റിലീഫ് വാൻ ഇങ്ങോട്ട് മാറ്റും.

റിലീഫ് വാൻ മാറ്റിയ ശേഷം രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന്റെ നീളവും വീതിയും കൂട്ടുന്ന ജോലി തുടങ്ങും.

പുതിയതായി മൂന്ന് കോച്ചുകൾക്കുള്ള സൗകര്യമാണ് ഏർപ്പെടുത്തുന്നത്. ഇതോടെ 24 കോച്ചുള്ള ട്രെയിനുകൾ വരെ പ്ലാറ്റ്ഫോമിൽ നിർത്താം.

 മൂന്ന് കോച്ചിന് വേണ്ടിയാണ് നീളം കൂട്ടുന്നതെങ്കിലും ഫലത്തിൽ 6 കോച്ചുകൾ വരെ നിർത്തിയിടാൻ ഇവിടെ സൗകര്യമുണ്ടാകും.