വൈപ്പിൻ : 171 -ാമത് ശ്രീനാരായണ ഗുരുജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വൈപ്പിൻ കരയിലെങ്ങും പീത പതാകകൾ ഉയർന്നു. എസ്.എൻ.ഡി.പി.യൂണിയൻ ആസ്ഥാനം, 21 ശാഖകളുടെ ഗുരുമന്ദിരങ്ങൾ, കുടുംബയൂണിറ്റ് മൈക്രോ സംഘം കേന്ദ്രങ്ങൾ, ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്രാങ്കണം, മറ്റ് പ്രാദേശിക സഭകളുടെ ആസ്ഥാനങ്ങൾ, ഭവനങ്ങൾ എന്നിവിടങ്ങളിൽ രാവിലെ ഗുരുദേവ കീർത്തനങ്ങളോടെ പതാകകൾ ഉയർത്തി.
യൂണിയൻ ആസ്ഥാനമായ എടവനക്കാട് ശ്രീനാരായണ ഭവനിൽ പ്രസിഡന്റ് ടി.ജി. വിജയൻ പതാക ഉയർത്തി. സെക്രട്ടറി ടി.ബിജോഷി , വൈസ് പ്രസിഡന്റ് കെ.വി. സുധീശൻ, യോഗം ബോർഡ് മെമ്പർ കെ. പി.ഗോപാലകൃഷ്ണൻ,കൗൺസിലർമാരായ കണ്ണദാസ്, സി.കെ. ഗോപാലകൃഷ്ണൻ, വൈദിക യോഗം സെക്രട്ടറി സനീഷ് ശാന്തി, വനിത സംഘം പ്രസിഡന്റ് പ്രീതി രതീഷ്, സെക്രട്ടറി ഷീജ ഷെമൂർ, സൈബർ സേന ചെയർമാൻ സരുൺദേവ്, എംപ്ലോയീസ് ഫോറം, പെൻഷനേഴ്‌സ് കൗൺസിൽ, യൂത്ത്മൂവ്‌മെന്റ്, കുമാരി സംഘം എന്നിവയുടെ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
യൂത്ത്മൂവ്‌മെന്റ് നേതൃത്വം നൽകുന്ന ഗുരുജയന്തി വിളംബര ജാഥ നാളെ രാവിലെ 9 ന് മുനമ്പം ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നിന്ന് പുറപ്പെടും. നൂറ് കണക്കിന് ഇരുചക്രവാഹനങ്ങൾ ജാഥയിലുണ്ടാകും. വൈപ്പിൻ മുനമ്പം സംസ്ഥാന പാതയിലൂടെ നീങ്ങി വൈപ്പിൻ സ്റ്റാൻഡിലെത്തി തുടർന്ന് പുതുവൈപ്പ് മഹാ വിഷ്ണു ക്ഷേത്രാങ്കണത്തിലെ ഗുരുദേവ മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി സമാപിക്കും.
ജയന്തി ദിനമായ സെപ്തംബർ 7 ന് വൈകിട്ട് 4 ന് പള്ളത്താംകുളങ്ങര ക്ഷേത്ര മൈതാനിയിൽ നിന്ന് പുറപ്പെടുന്ന ചതയദിന ഘോഷയാത്ര വിവിധ വാദ്യമേളങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, കബടി, തെയ്യം എന്നിവയോടെ വൈകിട്ട് 6 മണിയോടെ ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്ര മൈതാനിയിലെത്തി ഗുരുദേവ മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി സമാപിക്കും. തുടർന്ന് നടക്കുന്ന ചതയദിന സാംസ്‌കാരിക ,സമ്മേളനത്തിൽ അടൂർ പ്രകാശ് എം. പി.,കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ., വൈപ്പിൻ യൂണിയന്റെയും വിജ്ഞാന വർദ്ധിനി സഭയുടെയും ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.