കൊച്ചി: ഓണക്കാലത്ത് കുറഞ്ഞ നിരക്കിൽ കായൽ സൗന്ദര്യം ആസ്വദിക്കാൻ വിനോദസഞ്ചാരികൾക്ക് അവസരം. കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ ആഡംബര സീ ക്രൂയിസ് കപ്പൽ നെഫർറ്റിറ്റിയും മിനി സീ ക്രൂയിസ് ബോട്ടായ സാഗരറാണിയും സെപ്തംബർ ഒന്നിന് പുതുക്കിയ നിരക്കിൽ സർവീസുകൾ പുനരാരംഭിക്കും. 200 പേർക്കു കയറാവുന്ന നെഫർറ്റിറ്റിയിൽ നിരക്ക് 2,000 രൂപ മുതൽ. ഭക്ഷണം, മിനി തിയേറ്റർ, കുട്ടികളുടെ കളിസ്ഥലം, ലൈവ് മ്യൂസിക്, കലാപരിപാടികൾ, ഡിജെ നൈറ്റ് തുടങ്ങിയവയുണ്ട്. സാഗരറാണിയിൽ രണ്ട് മണിക്കൂർ ദൈർഘ്യമുള്ള പാക്കേജുകളും, ഗ്രൂപ്പ് പാക്കേജുകളുമുണ്ട്. യാത്രാ നിരക്ക് മുതിർന്നവർക്ക് 600 രൂപ, കുട്ടികൾക്ക് 300 രൂപ. പിഴല, കടമക്കുടി, പാലയ്ക്കരി എന്നിവിടങ്ങളിലേക്ക് 999 രൂപ നിരക്കിൽ യാത്ര ചെയ്യാനും അവസരമുണ്ട്. സൂര്യാംശു ഉൾപ്പെടെയുള്ള മറ്റു ബോട്ടുകളും ഒരുക്കിയിട്ടുണ്ട്.