മരട്: കുണ്ടന്നൂർ ജംഗ്ഷന് സമീപം കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറി പിടിച്ചെടുത്തു. പനങ്ങാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെ.എൽ.58 ഇ-4614 നമ്പർ ടാങ്കർ ലോറിയാണ് പിടികൂടിയത്. കുണ്ടന്നൂരിലെ യൂണിയൻ ബാങ്കിന് സമീപമുള്ള സർവീസ് റോഡിലെ കാനയിലേക്കാണ് മാലിന്യം തള്ളിയത്. ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ കൂട്ടം കൂടിയതോടെ ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ പൊലീസിനെ അറിയിച്ചു. തുടർന്ന് ലോറി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ലോറി നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഉടമസ്ഥന്റെ വിലാസം കണ്ടെത്തിയത്. രണ്ട് ലക്ഷം രൂപ ഇയാൾക്ക് നഗരസഭ പിഴ ചുമത്തി. ഇത്തരത്തിലുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാ ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിനി തോമസ് പറഞ്ഞു.