കൊച്ചി: പരമാവധി ഉത്പന്നങ്ങൾ നമ്മുടെ സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിക്കേണ്ടത് വർത്തമാനകാലത്തിന്റെ ആവശ്യമാണെന്ന് മന്ത്രി ഒ.ആർ. കേളു പറഞ്ഞു. കളമശേരി കാർഷികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വ്യവസായികളുടെയും സംരംഭകരുടെയും സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കളമശേരിയിലെ കാർഷിക രംഗത്തെ സമഗ്രവികസനം ലക്ഷ്യമിട്ട് മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
കൃഷിയിൽനിന്ന് വ്യവസായത്തിലേക്കുള്ള വളർച്ചയുടെ പാതയിലാണ് കളമശേരിയെന്നും ആ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു വ്യവസായസംഗമം സംഘടിപ്പിച്ചതെന്നും ചടങ്ങിൽ അദ്ധ്യക്ഷനായ മന്ത്രി പി. രാജീവ് പറഞ്ഞു. കുന്നുകരയിൽ 37.5 ഏക്കറിൽ വരുന്ന കിൻഫ്രയുടെ ഫുഡ് പ്രോസസിംഗ് പാർക്കിന് ഭരണാനുമതി ആയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ചടങ്ങിൽ കേരള ബ്രാൻഡ് സർട്ടിഫിക്കറ്റ് വിതരണവും എം.എസ്.എം.ഇ യൂണിറ്റുകളുടെ ഉത്പന്നങ്ങൾ ഓൺലൈനായി വിപണനം ചെയ്യുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കലും അജിത് കളമശേരിയുടെ പുതിയ പുസ്തകത്തിന്റെ പ്രകാശനവും നടന്നു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തി. ഏലൂർ നഗരസഭാ ചെയർമാൻ എ.ഡി സുജിൽ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ നജീബ്, കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീൻ, ജില്ലാ പ്രസിഡന്റ് ടോം തോമസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ്, കളമശേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് അസോസിയേഷൻ പ്രസിഡന്റ് ഒ.എ. നിസാം, എടയാർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് അസോസിയേഷൻ പ്രസിഡന്റ് നരേന്ദ്രകുമാർ, കളമശേരി കാർഷികോത്സവം ജനറൽ കൺവീനർ വിജയൻ പള്ളിയാക്കൽ എന്നിവർ പങ്കെടുത്തു.