പള്ളുരുത്തി: പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ ചെറുകിട വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥരുടെ പരിശോധനയിൽ പ്രതിഷേധം ശക്തമാകുന്നു. മൂന്നാം തവണയാണ് കുമ്പളങ്ങിയിൽ പ്ലാസ്റ്റിക്കിന്റെ പേര് പറഞ്ഞ് ചെറുകിട വ്യാപാരികളിൽ നിന്ന് പതിനായിരങ്ങൾ പിഴയീടാക്കുന്ന നടപടിയുണ്ടായത്. പതിനായിരം രൂപ മുതൽ 25,​000 രൂപ വരെ പിഴ ചുമത്തുന്ന സാഹചര്യത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പളങ്ങി യൂണിറ്റിന്റെ നേതൃത്വത്തിൽ കടകൾ അടച്ച് വ്യാപാരികൾ പ്രതിഷേധിച്ചു. ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ച ഉടനെയാണ് വ്യാപാരികൾ കടകൾ അടച്ച് പ്രതിഷേധ പ്രകടനവുമായി കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് ഓഫിസിൽ എത്തിയത്.

വൻകിട പ്ലാസ്റ്റിക് നിർമ്മാണ മുതലാളിമാർക്കെതിരെയോ വിതരണക്കാർക്കെതിരെയോ നടപടികൾ സ്വീകരിക്കാതെ ചെറുകിട വ്യാപാരികളെ ഓണക്കാലത്ത് പിഴിയുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ നടപടികൾ തുടർന്നാൽ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പളങ്ങി യൂണിറ്റ് പ്രസിഡന്റും സംസ്ഥാന കൗൺസിൽ അംഗവുമായ കെ.വി. തമ്പി പറഞ്ഞു. യൂണിറ്റ് ജനറൽ സെക്രട്ടറി ടി.ജി. സൗമിത്രൻ, ട്രഷറർ കെ.പി. അഗസ്റ്റിൻ,​ വൈസ് പ്രസിഡന്റുമാരായ പി.ഡി. ഷിജിത്ത്, പി.കെ. സാദത്ത്, ബിജു തത്തമംഗലത്ത്, സെക്രട്ടറി ടി.ജി. പ്രസാദ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. ഓണക്കാലത്ത് പരിശോധനകൾ ഒഴിവാക്കാമെന്നും ഓണത്തിന് ശേഷം വ്യാപാരി പ്രതിനിധികളുമായി ചർച്ചകൾ ചെയ്ത് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാമെന്നുമുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ഉറപ്പിന്റെ അടിസ്ഥാനത്തിൽ വ്യാപാരികൾ പ്രതിഷേധം അവസാനിപ്പിച്ചു.