കൊച്ചി: അപകടാവസ്ഥയിലായ വൈറ്റില ചന്ദേർകുഞ്ജ് ആർമി ടവറിൽനിന്ന് ഒഴിയുന്നവർക്ക് താത്കാലിക താമസത്തിനുള്ള ആറുമാസത്തെ വാടകത്തുക ജില്ലാ കളക്ടറുടെയോ അദ്ദേഹം നിശ്ചയിക്കുന്ന വ്യക്തിയുടെയോ പേരിലുള്ള പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന് കരസേനയുടെ നിയന്ത്രണത്തിലുള്ള ആർമി വെൽഫയർ ഹൗസിംഗ് ഓർഗനൈസേഷന് (എ.ഡബ്ല്യു.എച്ച്.ഒ) ഹൈക്കോടതി നിർദ്ദേശം നൽകി. താമസക്കാർക്ക് പണം കൈപ്പറ്റാനുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണിത്. വാടക ഒരുമിച്ച് നിക്ഷേപിക്കുന്നത് എ.ഡബ്ല്യു.എച്ച്.ഒയ്ക്കും സൗകര്യപ്രദമായിരിക്കുമെന്ന് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി. വിഷയം സെപ്തംബർ പത്തിന് വീണ്ടും പരിഗണിക്കും.
വൈറ്റില സിൽവർസാൻഡ് ഐലൻഡിലെ ചന്ദേർകുഞ്ജ് സമുച്ചയത്തിലെ ബി, സി ടവറുകൾ പൊളിച്ചുനീക്കുന്നതിന് മുന്നോടിയായാണ് ഈ മാസം 31നകം താമസക്കാരെ ഒഴിപ്പിക്കുന്നത്. ഇതേസ്ഥലത്ത് പുതിയ ടവറുകൾ പണിത് അപ്പാർട്ട്‌മെന്റുകൾ കൈമാറും. അതുവരെ അന്തേവാസികൾക്ക് താത്കാലിക താമസസ്ഥലങ്ങൾ തേടുന്നതിനുള്ള വാടകയാണ് എ.ഡബ്ല്യു.എച്ച്.ഒ അടയ്‌ക്കേണ്ടത്. നിർമ്മാണത്തകരാർ മൂലമാണ് ആറാംവർഷം രണ്ടു ടവറുകളും തകർച്ചാഭീഷണിയിലായത്.
ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഒരുവർഷത്തെ വാടക മുൻകൂറായി നൽകാമെന്നാണ് എ.ഡബ്ല്യു.എച്ച്.ഒ അറിയിച്ചിരുന്നത്. എന്നാൽ വാടകയിൽ കാലാനുസൃത വർദ്ധന വേണമെന്ന് സിംഗിൾബെഞ്ച് ഉത്തരവിൽ പരാമർശിച്ചിരുന്നില്ല. ഇതിനെതിരെയാണ് ഹർജിക്കാർ ഡിവിഷൻബെഞ്ചിനെ സമീപിച്ചത്.
ബലക്ഷയം നേരിടുന്ന 29നിലകൾ വീതമുള്ള ബി, സി ടവറുളിൽ 208 അപ്പാർട്ട്‌മെന്റുകളാണുള്ളത്. ഈ ടവറുകളിലെ പകുതിയിലേറെ താമസക്കാർ ഒഴിഞ്ഞിട്ടുണ്ട്. 14നിലയുള്ള എ ടവറിന് കുഴപ്പമില്ല. ബി,സി ടവറുകൾ അറ്റകുറ്റപ്പണികൊണ്ട് നിലനിറുത്താനാവില്ലെന്നും ദുരന്തം ഉണ്ടാകാതിരിക്കാൻ താമസക്കാരെ ഉടൻ ഒഴിപ്പിക്കണമെന്നും ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് (ഐ.ഐ.എസ്) ശുപാർശ ചെയ്തിരുന്നു. ഈ ടവറുകൾ ഒഴിപ്പിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിട്ടിയും 11 പഠനസംഘങ്ങളും ശുപാർശ ചെയ്തിരുന്നു.