കൊച്ചി: നിക്ഷേപകർക്കും വ്യവസായികൾക്കും സിംബാബ്‌വെ ഇതാ വാതിൽ തുറന്നിട്ടിരിക്കുന്നു. ക്ഷണിക്കുന്നത് ഇന്ത്യൻ വംശജനും സിംബാബ്‌വെ വ്യവസായ വാണിജ്യ സഹമന്ത്രിയുമായ രാജേഷ് കുമാർ ഇന്ദുകാന്ത് മോദി. കേരളാ സന്ദർശനത്തിനായി എത്തിയ ഇന്ത്യൻ വംശജനായ ആദ്യ സിംബാബ്‌വെ മന്ത്രി എറണാകുളം പ്രസ് ക്ലബിൽ നടത്തിയ മുഖാമുഖം പരിപാടിയിലാണ് ഇക്കാര്യം അറിയിച്ചത്. സിംബാബ്‌വെ കേരളത്തിൽ നിന്നുള്ള നിക്ഷേപകർക്ക് ഏറ്റവും സാദ്ധ്യതയുള്ള രാജ്യമാണ്. പല മേഖലകളിലും കേരളത്തിലെ കമ്പനികൾക്കുള്ള മികച്ച വൈദഗ്ദ്ധ്യം സിംബാബ്‌വെയ്ക്ക് ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ പദ്ധതികൾക്കും വൺ സ്റ്റോപ്പ് ഇൻവെസ്റ്റ്‌മെന്റ് സെന്റർലൈസൻസ് പിന്തുണയുണ്ട്. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏഴ് പ്രവൃത്തി ദിനങ്ങൾക്കുള്ളിൽ ലൈസൻസുകൾ നൽകും. പ്രത്യേക സാമ്പത്തിക മേഖലകളിൽ അഞ്ച് വർഷത്തേക്ക് കോർപ്പറേറ്റ് നികുതിയില്ല. കൂടാതെ മൂലധന ഉപകരണങ്ങൾക്ക് തീരുവരഹിത ഇറക്കുമതിയും സാദ്ധ്യമാണ്.
2030ഓടെ ഉയർന്നമദ്ധ്യ വരുമാനമുള്ള രാജ്യമായി മാറാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്നും ഇന്ദുകാന്ത് മോദി പറഞ്ഞു. സിംബാബ്‌വെ ട്രേഡ് കമ്മീഷണർ ബൈജു എം. കുമാർ പങ്കെടുത്തു.