ആലുവ: 'ഇങ്ങനെയൊരു ആഘോഷമൊരുക്കിയതിന് ഞങ്ങളുടെ നന്ദി...' മുണ്ടും ജുബ്ബയുമണിഞ്ഞ് പൂക്കളത്തിനരികെ നിന്നുകൊണ്ട് ഉഗാണ്ടയിൽ നിന്നുള്ള അബു ബൊഗേരെ പറഞ്ഞു. രോഗത്തിന്റെ വേദനയെ മറന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഒത്തുചേർന്ന് വടംവലിച്ചു, സദ്യയുണ്ടു.' എല്ലാവർക്കും ഓണാശംസകൾ' എന്ന് മലയാളത്തിൽ പറഞ്ഞ് കൈയടി വാങ്ങിച്ചു.
ആലുവ രാജഗിരി ആശുപത്രിയിൽ വിദേശികളായ രോഗികൾക്കും ബന്ധുക്കൾക്കും കൂട്ടിരിപ്പുകാർക്കുമായി ഓണാഘോഷം സംഘടിപ്പിച്ചു. മലങ്കര ഓർത്തഡോക്‌സ് സഭാ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. കേരളീയവേഷം ധരിച്ചായിരുന്നു ഇവരിൽ പലരും ആഘോഷത്തിനെത്തിയത്. 72ഓളം രാജ്യങ്ങളിൽ നിന്നുള്ളവർ രാജഗിരി ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തുന്നുണ്ട്. ഇവരിൽ ഉഗാണ്ട, മാലദ്വീപ്, ഒമാൻ തുടങ്ങിയ 15ഓളം രാജ്യങ്ങളിൽ നിന്നുള്ളവർ ആഘോഷത്തിനുണ്ടായിരുന്നു.
രാജഗിരി ആശുപത്രി എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ.ജോൺസൺ വാഴപ്പിള്ളി, അസോസിയേറ്റ് മെഡിക്കൽ ഡയറക്ടർ ഡോ.ജേക്കബ് വർഗീസ്, ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ അലി ഉസം(മാലിദ്വീപ്),അബ്ദുള്ള സെയ്ഫ് സലിം അൽ ഖ്വാസ്മി(ഒമാൻ)വിർലാൻ എലേന(മൾഡോവ) എന്നിവർ സംസാരിച്ചു.