വൈപ്പിൻ: ഞാറക്കൽ ഗവ. റസ്റ്റ് ഹൗസ് പുതിയ ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം നാളെ രാവിലെ 11ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. നിർവ്വഹിക്കും. പുതിയ ബ്ലോക്കിന് ഒന്നരക്കോടി രൂപയാണ് ചെലവ്. ഇതിൽ സിവിൽ വർക്കിനായി 10465199 രൂപയും, ഇലക്ട്രിക്കൽ വർക്കിന് 18 ലക്ഷവും ഇലക്‌ട്രോണിക്‌സ് ജോലിക്കായി 3.50 ലക്ഷവും ഫയർ ഫ്രയിംഗിനായി 1.50 ലക്ഷവും ഫർണീച്ചറിനായി 3.50 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
നിലവിലെ റസ്റ്റ് ഹൗസിൽ ഒരു വി.ഐ.പി റൂം, പി.ഡബ്ല്യു.ഡി റൂം, 2 പബ്ലിക് റൂം, ചെറിയ ഹാൾ മാത്രമാണുള്ളത്. പുതിയ ബ്ലോക്കിൽ 2നിലകളിലായി 2 സ്യൂട്ട് റൂമുകൾ, റിസപ്ഷൻ, വെയിറ്റിംഗ് ഏരിയ, 100 പേർക്ക് ഇരിക്കാനുള്ള കോൺഫറൻസ് ഹാൾ, ഒരു പബ്ലിക് റൂം, കാർ പാർക്കിംഗ് ഏരിയ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിർമ്മാണോദ്ഘാടനത്തിൽ ഞാറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി രാജു അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈപ്പിൻ മേഖലയിലെ എല്ലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും.