കൊച്ചി: കിഴക്കമ്പലത്തെ ബസ് സ്റ്റാൻഡ് നിർമാണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണസമിതിയും പ്രാദേശിക സി.പി.എം നേതൃത്വവും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ചൂടുപിടിക്കുന്നു. കഴിഞ്ഞ ദിവസം സ്റ്റാൻഡ് പരിസരത്ത് മാരാകായുധങ്ങളുമായി ഗുണ്ടകൾ എത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ് ഡി.ജി.പിക്ക് പരാതി നൽകി. കുന്നത്തുനാട് പൊലീസിൽ വിവരമറിയിച്ചെങ്കിലും പൊലീസ് സ്ഥലത്തെത്തി ഗുണ്ടകൾക്ക് അനുകൂലമായാണ് പ്രവർത്തിച്ചെതെന്നാണ് പരാതി. ആയുധങ്ങൾ പൊലീസ് കണ്ടെടുത്തെങ്കിലും കസ്റ്റഡിയിലെടുക്കാതെ സ്ഥലത്തുനിന്ന് മാറ്റിയെന്നും പരാതിയിൽ പറയുന്നു. അതേസമയം, ട്വന്റി20 ഭരിക്കുന്ന പഞ്ചായത്തുകളിലെ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാനായി സ്ഥലം എം.എൽ.എ പാർട്ടിയുമായി ചേർന്ന് നടത്തുന്ന ഗൂഡ ശ്രമങ്ങൾക്ക് വഴങ്ങില്ലെന്നും ഭരണ സമിതി തീരുമാന പ്രകാരം ലോകോത്തര നിലവാരത്തിൽ സ്റ്റാൻഡ് നിർമാണം പൂർത്തിയാക്കുമെന്നും പാർട്ടി സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞു.