പറവൂർ: നഗരത്തിൽ തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കാൻ തീരുമാനിച്ച പറവൂർ നഗരസഭ നടപടിയെ പറവൂർ ടൗൺ മർച്ചന്റ്സ് അസോസിയേഷൻ അഭിനന്ദിച്ചു. നഗരസഭയുടെ സ്ട്രീറ്റ് വെണ്ടർ ലൈസൻസുള്ള കച്ചവടക്കാർക്ക് പുറമേ ഉത്സവ സീസണുകൾ ലക്ഷ്യമാക്കി നിരവധി പേരാണ് നിരത്തുകൾ കൈയടക്കിയിരിക്കുന്നത്. ഇത് നിയമാനുസൃതം കച്ചവടം നടത്തുന്ന വ്യാപാരികളെ സാരമായി ബാധിക്കുന്നുണ്ട്. കാൽനടക്കാർക്കും വാഹനങ്ങൾക്കും റോഡിൽ തടസങ്ങൾ സൃഷ്ടിക്കുന്നതും ഇതുകാരണമാകുന്നുണ്ട്. ഇതുസംബന്ധിച്ച് മുനിസിപ്പൽ അധികൃതർക്ക് അസോസിയേഷൻ നിവേദനം നൽകിയിരുന്നു. ലൈസൻസ് നേടിയ തെരുവുകച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടിയും നഗരസഭ ഊർജിതമാക്കണമെന്ന് മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.