മൂവാറ്റുപുഴ: ഡമ്പിംഗ് യാർഡ് വൃത്തിയായെന്ന് പൊതുജനത്തെ കാട്ടാൻ ഓണാഘോഷം ഡമ്പിംഗ് യാർഡിൽ നടത്താൻ തീരുമാനിച്ച് മൂവാറ്റുപുഴ നഗരസഭ. ഇതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. മാലിന്യപ്രശ്നം മൂലം നരകയാതന അനുഭവിക്കുന്ന മൂവാറ്റുപുഴ നിവാസികളുടെ കണ്ണിൽ പൊടിയിടാനാണ് യു.ഡി.എഫ് ഭരണസമിതി ഡമ്പിംഗ് യാർഡിൽ ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നതെന്ന് എതിർക്കുന്നവർ പറയുന്നു. ഓണാഘോഷത്തിൽ ജില്ലാ ഭരണകൂടത്തിനെ പോലും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് കോൺഗ്രസ് പ്രചരണം നടത്തുന്നതെന്നും ആക്ഷേപമുണ്ട്. ഡമ്പിംഗ് യാർഡിൽ ഓണാഘോഷം നടത്തിയാൽ വയറിളക്കം, ഛർദി തുടങ്ങിയ രോഗങ്ങളോടൊപ്പം മഞ്ഞപ്പിത്തം ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങൾകൂടി ഉണ്ടാകുവാനും സാദ്ധ്യത ഏറെയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. സെപ്തംബർ മൂന്നിനാണ് നഗരസഭയുടെ ഓണാഘോഷം.
ഡമ്പിംഗ് യാർഡിൽ ബയോ മൈനിംഗ് നടത്തുന്നതിന് കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്ട് പദ്ധതിയിൽപ്പെടുത്തി സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ് വഴി 10 കോടി 86 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ പണം ഉപയോഗപ്പെടുത്തി എന്ന് കാട്ടാനാണ് ഇവിടെ ഓണാഘോഷം സംഘടിപ്പിച്ചതെന്നാണ് കരുതുന്നത്.
കേവലമായ രാഷ്ട്രീയ പ്രചാരണങ്ങൾക്കു വേണ്ടി ജനങ്ങളുടെ ആരോഗ്യം വച്ച് പന്താടുന്ന നഗരസഭ ഭരണസമിതിയുടെ നടപടിക്കെതിരെ പ്രതിഷേധം ഉയരണം
സജി ജോർജ്ജ്
മൂവാറ്റുപുഴ അർബൻ ബാങ്ക് ഡയറക്ടർ,
ജനറൽ ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം