rr

കിഴക്കമ്പലം: പട്ടിമ​റ്റം മൂവാ​റ്റുപുഴ റോഡിൽ പട്ടിമ​റ്റം ജംഗ്ഷന് കിഴക്ക് വശം സി​റ്റി ഫർണിച്ചർ മാർട്ടിന് സമീപം അപകടാവസ്ഥയിൽ ഇടിഞ്ഞ റോഡ് അടിയന്തരമായി പുനർ നിർമ്മിച്ചു. കേരള കൗമുദി വാർത്തയെ തുടർന്ന് അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ കെ.ആർ.എഫ്.ബി അധികൃതരുമായി ബന്ധപ്പെട്ട നടത്തിയ ഇടപെടലാണ് ഓണത്തിരക്കുകൾക്കിടയിൽ റോഡ് ദ്രുതഗതിയിൽ പൂർത്തിയാക്കാൻ വഴിയാെരുക്കിയത്.

ഇരുവശവും അത്യാധുനിക നിലവാരത്തിൽ പൂർത്തിയാക്കിയ റോഡായതിനാൽ വാഹനങ്ങൾക്ക് സൈഡ് നൽകുമ്പോൾ ഇടിഞ്ഞ മേഖലയിൽ അപകട സാദ്ധ്യത ഏറിയിരുന്നു. അമിതഭാരവുമായി വന്ന ടോറസ് ലോറി വശത്തേയ്ക്ക് കയ​റ്റിയതാണ് റോഡ് ഇടിയാൻ കാരണം. റോഡിന്റെ എതിർദിശയിലെ പോക്ക​റ്റ് റോഡിൽ നിന്ന് മഴവെള്ളം മെയിൻ റോഡ് കടന്ന് താഴേയുള്ള ഇരട്ടപാടത്തേയ്ക്ക് പോകുന്ന സ്ഥലത്താണ് റോഡ് ഇടിഞ്ഞത്. തുടർച്ചയായി പെയ്ത മഴയിൽ റോഡിന്റെ ഇടിഞ്ഞ ഭാഗത്തുള്ള മണ്ണ് കാര്യമായി ഒലിച്ചു പോയിരുന്നു. ഇതിന് പുറമെ ടോറസ് കൂടി കയറിയതോടെ റോഡ് പൂർണമായും ഇടിയുകയായിരുന്നു. വാർത്ത ശ്രദ്ധയിൽ പെട്ടതോടെ സംഭവം സംബന്ധിച്ച അടിയന്തര റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദ്ദേശം നൽകിയിരുന്നു.

ടോറസുകളുടെ വിളയാട്ടം

അമിത ഭാരവുമായി ഈ റോഡിലൂടെ പായുന്ന ടോറസുകൾ വിവിധ അപകടങ്ങളുണ്ടാക്കുന്നുണ്ട്. മഴുവന്നൂർ പഞ്ചായത്തിലെ വിവിധ ക്വാറി, ക്രഷർ യൂണി​റ്റുകളിൽ നിന്ന് അനുവദനീയമായതിലും ഇരട്ടി ലോഡുമായാണ് ടോറസുകൾ പായുന്നത്. പൊലീസ്, ആർ.ടി പരിശോധനകൾ ഒഴിവാക്കാൻ പുലർച്ചെ 4 മണി മുതലാണ് ടോറസുകളുടെ വിളയാട്ടം. പ്രഭാത സവാരിക്കിറങ്ങുന്നവരടക്കം സഞ്ചരിക്കുന്നത് ടോറസുകളെ ഭയന്നാണ്. അതിനിടയിൽ നടന്ന റോഡ് ഇടിച്ചിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയരുന്നു. റിസ്‌ക് ആൻഡ് കോസ്​റ്റ് ഇനത്തിൽ പൂർത്തിയാക്കിയ റോഡാണിത്. അ​റ്റകു​റ്റപ്പണികൾ കരാറുകാരന്റെ ഉത്തരവാദിത്തത്തിലാണ് പൂർത്തിയാക്കുന്നത്.