കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ ഭരണസമിതി അന്യായമായി സസ്‌പെൻഡ് ചെയ്തുവെന്നാരോപിച്ച് ഫെഡറേഷൻ ഒഫ് സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തി. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. എസ്.എസ്.ഇ.ടി. ഒ ജില്ലാ പ്രസിഡന്റ് ഡാൽമിയ തങ്കപ്പൻ അദ്ധ്യക്ഷനായി. യൂണിയൻ ജില്ലാസെക്രട്ടറി കെ.എസ്. ഷാനിൽ, വൈസ് പ്രസിഡന്റ് ലിൻസി വർഗീസ്, കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഏലിയാസ് മാത്യു, കെ.ജി.ഒ.എ ജില്ലാസെക്രട്ടറി സി.ആർ. സോമൻ എന്നിവർ സംസാരിച്ചു.
കിഴക്കമ്പലം ബസ് സ്റ്റാൻഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയെയും ജീവനക്കാരെയും തടഞ്ഞുവച്ച ഭരണസമിതിയുടെ നടപടിക്കെതിരായി ബുധനാഴ്ച ജീവനക്കാർ എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ പകപോക്കലായി അന്നേദിവസം ഭരണസമിതി യോഗം ചേർന്ന് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ വിശദീകരണം പോലും ചോദിക്കാതെ സസ്‌പെൻഡ് ചെയ്തുവെന്നും പഞ്ചായത്ത് ഭരണസമിതി തുടർന്നുവരുന്ന തുടർച്ചയായ ജനാധിപത്യവിരുദ്ധ സമീപനമാണെന്നും ആരോപിച്ചാണ് ജീവനക്കാരും അദ്ധ്യാപകരും പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചത്.