pic
നവീകരണ പ്രവർത്തനം നടക്കുന്ന എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് സന്ദർശിക്കുന്ന മന്ത്രി കെ.എൻ ബാലഗോപാൽ. ടി.ജെ വിനോദ് എം.എൽ.എ, മേയർ അഡ്വ. എം. അനിൽകുമാർ തുടങ്ങിയവർ സമീപം

കൊച്ചി: ചെറുമഴയിൽപ്പോലും വെള്ളംകയറുന്ന നഗരത്തിന്റെ ശാപമായ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പഴങ്കഥയാകും. കൊച്ചിക്ക് ഓണസമ്മാനമായി പുതിയ ബസ് സ്റ്റാൻഡ് കാരിക്കാമുറിയിൽ നിർമ്മിക്കുന്നതിന് 12കോടിരൂപ സർക്കാർ അനുവദിച്ചു. ബസ് സ്റ്റാൻഡ് സന്ദർശിച്ച ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ആദ്യഘട്ടത്തിലാണ് 12കോടി അനുവദിക്കുന്നത്. മറ്റ് ചെലവുകൾകൂടി വരുമ്പോൾ തുകവർദ്ധിക്കും. നടപടിക്രമങ്ങൾ ഉടൻ പൂർത്തീകരിച്ച് പുതിയ സ്റ്റാൻഡ് യാഥാർത്ഥ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.

നേരത്തെ ചീഫ് ആർക്കിടെക്ട് ഉൾപ്പെടെയുള്ളവരെത്തി പരിശോധിച്ചിരുന്നു. എട്ടേക്കർ ഭൂമിയിലെ സൗത്ത് റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ഭാഗമാണ് കാരിക്കാമുറി. കുറച്ചുകൂടി ഉയരമുള്ള സ്ഥലമാണിതെങ്കിലും ഇവിടെയും ഒരുമീറ്ററോളം മണ്ണിട്ട് നികത്തേണ്ടിവരും.

കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് (സി.എസ്.എം.എൽ) ഫണ്ട് 12കോടി ഉൾപ്പെടുത്തി നിർമ്മാണം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഈ ഫണ്ട് നിർമ്മാണം നീണ്ടതോടെ ലാപ്‌സായി.

പ്രീഫാബ്-- സ്റ്റീൽ സ്ട്രക്ചർ മാതൃകയിലാകും കാരിക്കാമുറിയിലെ ബസ് സ്റ്റേഷൻ നിർമ്മിക്കുക. തറപണിതശേഷം അതിൽ സ്റ്റീൽപില്ലറുകൾ ഉയർത്തും. പില്ലറിനുമുകളിൽ ബീമുകൾ. അതിനുമുകളിൽ മെറ്റൽഷീറ്റ് വിരിക്കും. ഈ മെറ്റൽഷീറ്റുകളിൽ സ്ലാബ് വാർക്കും. ഈ ഷീറ്റുകൾ പിന്നീട് നീക്കംചെയ്യില്ല. ഇതിനുശേഷം രണ്ടാംതട്ടിലും സ്റ്റീൽതൂണുകൾ വരും. ഏറ്റവുമൊടുവിൽ ഈ സ്റ്റീൽതൂണുകളിലാകും കാൽസിപ് മേൽക്കൂര നിർമ്മിക്കുക.

* ആറുമാസത്തിനകം പൂർത്തീകരിക്കാം

ചങ്ങനാശേരിയിൽ സ്റ്റീൽ സ്ട്രക്ചർ മാതൃകയിലുള്ള ബസ് സ്റ്റാൻഡ് നിർമ്മാണം ആരംഭിച്ചു. ഇത്തരത്തിലാണ് കൊച്ചിയിലും നിർമ്മാണമെങ്കിൽ ആറുമാസം കൊണ്ട് എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നിർമ്മാണം പൂർത്തീകരിക്കും.


പുതിയ ബസ്‌സ്റ്റാൻഡ് റെയിൽവേ സ്റ്റേഷനോട് കുറച്ചുകൂടി അടുത്താണെന്ന സൗകര്യം യാത്രക്കാർക്കുണ്ടാകും. വേഗത്തിൽ നിർമ്മാണം നടക്കും
കെ.എൻ. ബാലഗോപാൽ
ധനമന്ത്രി

എറണാകുളത്ത് പുതിയ ബസ് സ്റ്റാൻഡിന് 12 കോടി അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഏറെ സന്തോഷകരമാണ്. ഒന്നിലേറെ തവണ നിയമസഭയിൽ ഈ വിഷയം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയേയും മന്ത്രിമാരായ പി. രാജീവിനെയും ഗണേശ്‌കുമാറിനെയും കണ്ട് വിഷയത്തിന്റെ ഗൗരവം ധരിപ്പിച്ചിരുന്നു

ടി.ജെ. വിനോദ്, എം.എൽ.എ.