കൊച്ചി: ഓണാഘോഷ പരിപാടിയുടെ ഭാഗമായി വാടകയ്ക്കെടുത്ത കെ.എസ്.ആർ.ടി.സി ബസിലും മറ്റു സ്വകാര്യ വാഹനങ്ങളിലും വിദ്യാർത്ഥികൾ അപകടകരമായി സഞ്ചരിച്ച സംഭവത്തിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് താത്കാലികമായി റദ്ദാക്കി. മറ്റു വാഹനങ്ങളുടെ ഡ്രൈവർമാരുടെ ലൈസൻസും തെറിക്കും. ഉടമകളെ വിളിച്ചുവരുത്തി വാഹനം ഓടിച്ചിരുന്നവരോട് ഹാജരാക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന് ശേഷമാകും നടപടി സ്വീകരിക്കുക.

മൂവാറ്റുപുഴയിലെ ഇലാഹിയ എൻജിനീയറിംഗ് കോളേജിലെ ഓണാഘോഷമാണ് അതിരുവിട്ടത്. കൈയും തലയും പുറത്തിട്ട് അപകടകരമായ രീതിയിൽ വാഹനം ഓടിക്കുക, കെ.എസ്.ആർ.ടി.സി ബസിന്റെ ഫുട്ട് ബോർഡിൽ നിന്ന് യാത്ര ചെയ്യുക, വാതിൽ തുറന്നിട്ട് സർവ്വീസ് നടത്തുക, സ്വകാര്യ കാറുകളിൽ വിദ്യാർത്ഥികൾ റോഡിലൂടെ പ്രകടനം നടത്തുക എന്നീ കുറ്റങ്ങൾ ചൂണ്ടിക്കാട്ടി അനവധി പരാതികളാണ് എൻഫോഴ്‌സ്‌മെന്റ് ആർ.ടി ഓഫീസിൽ ലഭിച്ചത്. തുടർന്ന് എറണാകുളം ആർ.ടി.ഒയുടെ ഉത്തരവിൽ നടത്തിയ അന്വേഷണത്തിൽ നിയമലംഘനങ്ങൾ കണ്ടെത്തുകയായിരുന്നു.