മൂവാറ്റുപുഴ: മൂവാറ്റുപുഴ - കാക്കനാട് റോഡിൽ കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്. ശനിയാഴ്ച രാവിലെ എട്ടരയോടെ മുടവൂർ പള്ളിത്താഴത്തായിരുന്നു അപകടം. മൂവാറ്റുപുഴ ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും എതിർ ദിശയിൽ വരികയായിരുന്ന സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ബസ് യാത്രക്കാരെ നാട്ടുകാർ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല. ഇവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ഇടിയുടെ ആഘാതത്തിൽ ഇരുബസുകളുടെ മുൻഭാഗം ഭാഗികമായി തകർന്നു.