പറവൂർ: പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഉത്സവ സംഭവന കൂപ്പൺ തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർ സീൽ ചെയ്ത് നൽകാത്തതിനാൽ ആഘോഷങ്ങളുടെ മുന്നൊരുക്കത്തെ ബാധിക്കുന്നുവെന്ന് ആക്ഷേപം. സെപ്തംബർ 23ന് പത്തുനാളത്തെ നവരാത്രി ആഘോഷം തുടങ്ങാനിരിക്കെയാണിത്. കഴിഞ്ഞ 21ന് കൂപ്പൺ ഉദ്ഘാടനം നിശ്ചയിച്ചിരുന്നെങ്കിലും സീൽ ചെയ്ത് ലഭിക്കാത്തിനാൽ മാറ്റിവെച്ചു. ക്ഷേത്രം ഉപദേശക സമിതിയുടെ നേതൃത്വത്തിൽ പത്ത് ദിവസത്തെ ആഘോഷങ്ങൾക്ക് ലക്ഷങ്ങൾ ചെലവ് വരും. ഇതിനുള്ള തുക ഭക്തരിൽ നിന്ന് സംഭാവന കൂപ്പണിലൂടെയാണ് ഉപദേശക സമിതി കണ്ടെത്തുന്നത്. ഒരുമാസം മുമ്പ് കൂപ്പൺ അച്ചടിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പറവൂരിലെ അസി. കമ്മീഷണർ ഓഫീസിൽ നൽകിയതാണ്. കഴിഞ്ഞ വർഷവും കൂപ്പൺ സീൽ ചെയ്ത് ലഭിക്കാത്തിനാൽ പരിപാടികൾ സംഘടിപ്പിക്കുന്നതിന് തടസമായിരുന്നു. ഉടൻ കൂപ്പൺ സീൽ ചെയ്ത് തരണമെന്നും ക്ഷേത്രത്തിലെ മരാമത്ത് ജോലികൾ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് ദേവസ്വം അസി. കമ്മീഷണൽ സുജാത ഉദയന് ഉപദേശക സമിതി പ്രസിഡന്റ് സജി നമ്പിയത്ത്, സെക്രട്ടറി വേണുഗോപാൽ എന്നിവർ നിവേദനം നൽകി.
ആഘോഷങ്ങൾക്ക് ശോഭകുറയും
കൂപ്പൺ സീൽ ചെയ്ത് ലഭിക്കാതെ വന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകും. ഇത് നവരാത്രി മഹോത്സവത്തെ ബാധിക്കുമെന്ന് ഉപദേശകസമിതി ഭാരവാഹികൾ പറയുന്നു. പത്ത് ദിവസത്തെ നവരാത്രി സംഗീതോത്സവത്തിന് ശോഭകുറയും. 200 ലധികം കലാപ്രതിഭകളുടെ നൃത്ത- സംഗീതോത്സവത്തെ ബാധിക്കും. ഇതിന് പുറമെ ക്ഷേത്രത്തിലെ മറ്റു പോരായ്മകൾ പരിഹരിക്കാനും കാലതാമസം നേരിടും. ഇത് നവരാത്രി മഹോത്സവത്തിന് എത്തുന്ന ഭക്ത ജനങ്ങളെ ബാധിക്കും.
ക്ഷേത്രത്തിലെ പോരായ്മകൾ
നവരാത്രി സംഗീതമണ്ഡപത്തിന്റെ സ്റ്രേജ് തകർന്നു കിടക്കുന്നു
ക്ഷേത്രത്തിൽ ആവശ്യത്തിന് ലൈറ്റ് സംവിധാനമില്ല
പൊളിഞ്ഞ ക്ഷേത്രമതിൽ പുനർനിർമ്മിച്ചിട്ടില്ല
നടപ്പന്തൽ നിർമ്മാണം പൂർത്തിയായിട്ടില്ല
ക്ഷേത്രക്കുളത്തിൽ നിന്നും പൊളിച്ചുമാറ്റിയ കരിങ്കല്ല് നീക്കംചെയ്തിട്ടില്ല
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ ഓഫീസിൽ നിന്ന് കൂപ്പൺ സിൽ ചെയ്തു കൊടുക്കുന്നതിന് മുമ്പ് അനുമതി
വാങ്ങണമെന്ന് നിർദേശമുണ്ട്. കഴിഞ്ഞ വർഷം നവരാത്രി ആഘോഷം സംഭാവന കൂപ്പൺ സീൽ ചെയ്യാത്തത് നൽകിയെന്ന പരാതി ലഭിച്ചിട്ടുണ്ട്. ഇതിന്റെ അന്വേഷണം നടന്നുവരുകയാണ്.
സുജാത ഉദയൻ
ദേവസ്വം അസി. കമ്മീഷണർ
കഴിഞ്ഞ വർഷത്തെ നവരാത്രി മഹോത്സവത്തിന്റെ കണക്കുകൾ കൃത്യസമയത്ത് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം സീൽ ചെയ്യാത്ത കൂപ്പൺ വിതരണം ചെയ്തിട്ടില്ല. വ്യാജ പരാതിയാണ് അന്വേഷണം നീട്ടിക്കൊണ്ടുപോകുന്നത്. ഇതിന് പിന്നിൽ മറ്രെന്തോ ഇടപെടലുകളുണ്ടെന്ന് സംശയിക്കുന്നു.
സജി നമ്പിയത്ത്
പ്രസിഡന്റ്
ക്ഷേത്രം ഉപദേശകസമിതി