onam

കൊച്ചി: ഓണക്കാലം ആരംഭിച്ചത് മുതൽ എങ്ങും സദ്യ മൂടാണ്... പക്ഷെ വിലക്കയറ്റം ഓണസദ്യയുടെ അൽപം മധുരം കുറയ്ക്കും 500 മുതൽ 1000 വരെ നല്ല സ്വയമ്പൻ സദ്യയ്ക്ക് ഈടാക്കുന്ന ഹോട്ടലുകൾ നഗരത്തിലുണ്ട്.

അവശ്യ സാധനങ്ങൾക്കെല്ലാം കുത്തനെ വില ഉയർന്നതോടെയാണ് ഓണ സദ്യയ്ക്കും ഹോട്ടലുകാർ വില കൂട്ടിയത്.. മുൻ വർഷത്തേതിനേക്കാൾ ഒരു സദ്യയ്ക്ക് 100 രൂപയിലധികം കൂടി. ഒരു സാധാരണ സദ്യയ്ക്ക് 280 മുതൽ 500 രൂപവരെയാണ് ഈടാക്കുന്നത്. സ്റ്റാർ ഹോട്ടലുകളിലത് 1000 വരെയെത്തും.

കഴിഞ്ഞ കൊല്ലത്തേക്കാൾ തേങ്ങ, വെളിച്ചെണ്ണ എന്നിവയ്ക്കു മൂന്നിരട്ടിയാണു വില കൂടിയിട്ടുള്ളത്.

 ഓണസദ്യ റെഡി

ബേക്കറികളും കാറ്ററിംഗ് സ്ഥാപനങ്ങളും ചെറു കൂട്ടായ്മകളുമെല്ലാം ഓണസദ്യയുമായി ഇത്തവണയും രംഗത്തുണ്ട്. വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും പ്രത്യേകം പ്രത്യേകം സദ്യ തയാറാക്കി നൽകുന്നു. വൻകിട ഓർഡറുകൾ സ്വീകരിക്കുന്നവരുമെല്ലാം ഇതിനോടകം സദ്യ വില്പന തകൃതിയാക്കി കഴിഞ്ഞു.

അഞ്ചു പേർക്കും പത്തുപേർക്കുമുള്ള സദ്യ ഒരുക്കി നൽകുന്ന ചെറു ഗ്രൂപ്പുകളുമുണ്ട്. വിളമ്പാനുള്ള ഇലയും ചോറും രണ്ടിനം പായസവും അടക്കം 20ലേറെ വിഭവങ്ങളുമായുള്ളതാണ് സദ്യകളെല്ലാം. വിളിച്ചു പറഞ്ഞാൽ വീട്ടുപടിക്കൽ സദ്യയെത്തിക്കുന്നവരും ഏറെ. അഞ്ചു പേർക്കുള്ള സദ്യക്ക് 1800 മുതൽ 2500 വരെ ഈടാക്കുന്നവരുണ്ട്.

ഉത്രാടം, തിരുവോണം, അവിട്ടം ദിനങ്ങളിലാണ് പലയിടങ്ങളിലും സദ്യ വില്പന തകൃതിയായി നടക്കുന്നത്. ഇവയ്ക്ക് ബുക്കിംഗുകൾ സ്വീകരിച്ച് തുടങ്ങി.

സദ്യ വിഭവങ്ങൾ

ഉപ്പേരി, അച്ചാർ, പഴം, പപ്പടം, ചോറ്, ഓലൻ, രസം, ഇഞ്ചിക്കറി, പച്ചടി, സാമ്പാർ, അവിയൽ, പരിപ്പുകറി, എരിശേരി, കാളൻ, കിച്ചടി, തോരൻ. കൂടാതെ പാലട, അടപ്രഥമൻ, പരിപ്പ്, ഗോതമ്പ്, പഴം, പൈനാപ്പിൾ, കരിക്ക് പായസങ്ങളിൽ ഏതെങ്കിലും രണ്ടു പായസങ്ങൾ സദ്യയ്‌ക്കൊപ്പമുണ്ടാകും.