shanavas

'അച്ഛന്റെ ശബ്ദം മാത്രമെ എനിക്കു കിട്ടിയുള്ളു..."- ഇതു പറഞ്ഞ് ഷാനവാസ് ചിരിച്ചു. ഒരിക്കൽ കൗമുദി ടിവിക്കായി അഭിമുഖം നടത്തിയപ്പോഴായിരുന്നു ഈ കമന്റ്. എന്നാൽ ശബ്ദം മാത്രമല്ല,​ നസീറിന്റെ സ്വഭാവമഹിമയും ഷാനവാസിൽ പ്രകടമായിരുന്നു. മലയാളത്തിൽ മറ്റൊരു പുതുമുഖ നടനും ആലോചിക്കാൻ പോലും പറ്റാത്ത തലയെടുപ്പോടെയാണ് ഷാനവാസ് സിനിമയിലേക്ക് കടന്നുവന്നത്.

മലയാള സിനിമയുടെ സൂപ്പർസ്റ്റാറും നിത്യഹരിത നായകനുമായ പ്രേം നസീറിന്റെ മകനെന്ന മേൽവിലാസം,​ സൂപ്പർഹിറ്റുകളുടെ തരംഗം തീർത്ത സംവിധായകൻ ബാലചന്ദ്ര മേനോന്റെ ' പ്രേമഗീതങ്ങൾ" എന്ന ചിത്രത്തിലൂടെ അരങ്ങേറ്റമെന്ന ആരും കൊതിക്കുന്ന തുടക്കം... വിഷാദത്തിലേക്ക് വഴുതിവീഴുന്ന ലജ്ജാലുവായ കാമുകന്റെ കഥാപാത്രം,​ നായികയായി അന്നത്തെ സൂപ്പർ ഹീറോയിൻ അംബികയും! ജോൺസന്റെ അതിമനോഹരമായ ഈണത്തിൽ യേശുദാസ് ആലപിച്ച 'നീ നിറയൂ , ജീവനിൽ..." എന്നു തുടങ്ങുന്ന ഗാനമടക്കം മികച്ച പാട്ടുകൾ.

പ്രണയം നിറഞ്ഞ 'പ്രേമഗീതങ്ങൾ" മലയാളി പ്രേക്ഷകർ ഹൃദയത്തിലേറ്റി. സിനിമ സൂപ്പർ ഹിറ്റായി. പിന്നീട് അവസരങ്ങളുടെ ഒഴുക്കായി. 'മഴനിലാവ്" എന്ന ചിത്രത്തിലെ 'ഋതുമതിയായ് തെളിമാനം..."എന്നു തുടങ്ങുന്ന ഗാനമടക്കം നായികയോടൊപ്പം പാടി അഭിനയിക്കുന്ന ഗാനരംഗങ്ങളുൾപ്പെടുന്ന ചിത്രങ്ങൾ വന്നു . പക്ഷെ 'പ്രേമഗീതങ്ങൾ" പോലൊരു ബ്രേക്ക് പിന്നീട് ഷാനവാസിനു കിട്ടിയെന്നു പറയാൻ കഴിയില്ല. മകനുവേണ്ടി നസീർ ആരോടും ശുപാർശ പറഞ്ഞില്ലെന്നതു പോലെ,​ അവസരങ്ങൾക്കായി ഷാനവാസ് ആരുടെ വാതിലിലും മുട്ടിയില്ല. പ്രേം നസീറിന്റെ മകൻ എന്നതിൽ ഷാനവാസ് എപ്പോഴും അഭിമാനിച്ചിരുന്നു.

സിനിമയിൽ അഭിനയിക്കാനായി പോകും മുമ്പ് ഷാനവാസ് വാപ്പയോട് (അച്ഛനോട് ) ഉപദേശം തേടി. നസീർ മൂന്നു കാര്യങ്ങൾ പറഞ്ഞു: 'ഷൂട്ടിംഗ് സെറ്റിൽ കൃത്യസമയം പാലിക്കണം. സംവിധായകനോട് മുഷിഞ്ഞു സംസാരിക്കരുത്. എന്തെങ്കിലും പറയാനുണ്ടെങ്കിൽ മാറ്റിനിറുത്തി ബഹുമാനത്തോടെ മാത്രം പറയണം. എനിക്കു പേരുദോഷം ഉണ്ടാക്കരുതെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ..." ഈ കാര്യങ്ങൾ എന്നും പാലിച്ചു. ഒരിക്കലും പേരുദോഷമുണ്ടാക്കിയില്ല. വളരെ ഹാൻഡ്സം. പെരുമാറ്റത്തിലും നസീർ കാട്ടിയ കുലീനത്വം ഷാനവാസ് എന്നും പുലർത്തി. ജീവിതത്തെ അതു വരുന്ന വഴിക്കു സ്വീകരിക്കുകയെന്ന കാഴ്ചപ്പാടായിരുന്നു എന്നും.

നസീറിനൊപ്പം പതിനൊന്നു സിനിമകളിൽ അഭിനയിച്ചു.ആദ്യമായി ഒരുമിച്ച് അഭിനയിച്ചപ്പോൾ അല്പം ആശങ്കയുണ്ടായിരുന്നു. മേക്കപ്പിട്ടാൽ വാപ്പയും മകനുമില്ലെന്നും നടൻ മാത്രമേയുള്ളുവെന്നുമുള്ള

നസീറിന്റെ വാക്കുകൾ എന്നും ഉള്ളിൽ കൊണ്ടുനടന്നു. സൂപ്പർസ്റ്റാറിന്റെ മകനായാണ് ജനിച്ചതെങ്കിലും തികഞ്ഞ അച്ചടക്കത്തിൽ സാധാരണക്കാരെപ്പോലെയാണ് നസീർ മക്കളെ വളർത്തിയത്. വാപ്പയിൽ നിന്ന് നല്ല അടിയും കിട്ടിയിരുന്നുവെന്ന് ഷാനവാസ് പറഞ്ഞിരുന്നു.

നാട്ടിൽ നസീറിന്റെ പേരിൽ ഉചിതമായൊരു സ്മാരകം ഉയരാത്തതിൽ വിഷമമുണ്ടായിരുന്നു. സർക്കാരുകൾ മാറി മാറിവന്നിട്ടും അവഗണന നേരിട്ടതിനെക്കുറിച്ച് അന്ന് അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോൾ നിർമ്മാണം തുടങ്ങിയെങ്കിലും ഇനിയും പൂർത്തിയായിട്ടില്ല. സിനിമയിൽ ഒരു ബ്രേക്ക് വന്നശേഷം മലേഷ്യയിൽ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. വീണ്ടും രണ്ടാം വരവ് വന്നു. സീരിയലിലും അഭിനയിച്ചു. ഇളയ മകനും സിനിമയിലേക്ക് വന്നുവെങ്കിലും തുടർന്ന് താത്പ്പര്യം കാട്ടിയില്ല. സംവിധായകന്റെ റോളിൽ വരണമെന്ന് ഷാനവാസിന് ആഗ്രഹമുണ്ടായിരുന്നു.

'ഞാൻ ഓരോന്നായി കറക്ട് ചെയ്തു വരികയാണ്. പ്രമേഹം എല്ലാം കുരുക്കിയല്ലോ. വൃക്ക മാറ്റിവയ്ക്കുന്നതടക്കം ചികിത്സകൾ പലതും ചെയ്തു. എല്ലാം മാറിവരുമ്പോൾ സംവിധായകന്റെ കുപ്പായത്തിൽ ഒരു വരവുകൂടി വരണം. വാപ്പയും സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങിയിരുന്നു. പെട്ടെന്നായിരുന്നല്ലോ വാപ്പയുടെയും മരണം."

അന്ന് ഷാനവാസ് പറഞ്ഞത് മറന്നിട്ടില്ല. രോഗം പിടിമുറുക്കിയപ്പോൾ ഷാനവാസിന് അതിൽ നിന്ന് രക്ഷപ്പെടാനായില്ല. എഴുപത്തിയൊന്നു വയസ് മരിക്കാനുള്ള പ്രായമായിരുന്നോ?​ 'പ്രേമഗീതങ്ങളി"ലെ അജിത് എന്ന കഥാപാത്രം മനസിൽ നിറയുന്നു.

'നീ നിറയൂ..ജീവനിൽ പുളകമായ്

ഞാൻ പാടിടാം, ഗാനമായ് ഓർമ്മകൾ..." എന്ന ഗാനവും. വിട, പ്രിയ ഷാനവാസ്.

ശാരദക്കുട്ടി, ഫേസ്ബുക്കിൽ

കുറിച്ചത്

എന്തു പാവം ആണായിരുന്നു നിങ്ങൾ!

ബാലചന്ദ്രമേനോന്റെ സിനിമകൾ കാണാനായി ക്ലാസ് കട്ട് ചെയ്ത് പോയിരുന്ന കാലം. 'പ്രേമഗീതങ്ങൾ" കാണാൻ കോട്ടയം അനുപമ തീയേറ്ററിലെത്തുമ്പോൾ എന്നെപ്പോലെ ധാരാളം കോളേജ് വിദ്യാർഥികളെക്കൊണ്ട് റോഡും തീയേറ്ററും നിറഞ്ഞു കവിഞ്ഞിരുന്നു. എങ്ങനെയൊക്കെയോ ഇടിച്ചും തള്ളിയും ടിക്കറ്റൊപ്പിച്ചു. അന്നാണ് ഷാനവാസിനെ ആദ്യമായി സ്ക്രീനിൽ കാണുന്നത്. പ്രേംനസീറിന്റെ മകന് എന്റെ മനസിൽ അതിനു ശേഷം വയസായിട്ടേയില്ല; എനിക്കും. അതുകൊണ്ടാകും,​ 71-ാം വയസ്സിൽ ഷാനവാസ് മരിച്ചു എന്ന് കേട്ടപ്പോൾ എനിക്ക് ഒരു ഞെട്ടലുണ്ടായത്.

അക്രമ ഭാവമില്ലാത്ത, അച്ചടക്കമുള്ള,​ ലജ്ജാലുക്കളായ കാമുകരെ ഇഷ്ടപ്പെട്ടിരുന്ന എനിക്ക് നിങ്ങളോട് പ്രത്യേക സ്നേഹമുണ്ടായിരുന്നു. എനിക്ക് പ്രായമാകാത്തതു കൊണ്ടാകും,​ സത്യമായും നിങ്ങൾക്ക് സപ്തതി കടന്നതൊന്നും ഞാനറിഞ്ഞില്ല. നിങ്ങളുടെ മുഖത്തെ നാണം മറഞ്ഞിട്ടില്ല,​ എന്റെ മനസിൽ. നിങ്ങളെ ഇഷ്ടമായിരുന്നു എന്നൊക്കെ ഒരിക്കലും വിളിച്ചു പറഞ്ഞില്ല. 'പ്രേമഗീതങ്ങ"ളിലെ അംബികയെപ്പോലെ മൗനമായി നോക്കിയിരുന്നതേയുള്ളു ഞാനും. ഈ 22 വയസ്സിൽ - അതെ 22 തന്നെ -നിങ്ങൾ ഇങ്ങനെ പോകേണ്ടതില്ലായിരുന്നു,​ പ്രിയ ഷാനവാസ്. എന്തു പാവം ആണായിരുന്നു നിങ്ങൾ!