manappuram

കൊച്ചി: മുൻനിര ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനമായ മണപ്പുറം ഫിനാൻസിന്റെ മൊത്തം സ്വർണ വായ്പാ പോർട്ട്‌ഫോളിയോ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 21.8 ശതമാനം ഉയർന്ന് 28,801.66 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലിത് 23,647.34 കോടിയായിരുന്നു. സജീവ സ്വർണ വായ്പാ ഉപഭോക്താക്കളുടെ എണ്ണം ഈ കാലയളവിൽ 2.4 കോടി കവിഞ്ഞു. കമ്പനി കൈകാര്യം ചെയ്യുന്ന സജീവ ആസ്തികൾ(അസറ്റ് അണ്ടർ മാനേജ്‌മെന്റ്) 15 ശതമാനം ഉയർന്ന് 35,698 കോടി രൂപയായി.

മണപ്പുറത്തിന്റെ മൊത്തം അറ്റാദായം 132.48 കോടി രൂപയും നികുതിക്ക് ശേഷമുള്ള ലാഭം 392.11 കോടിയുമാണ്. പ്രവർത്തന വരുമാനം 2,262.39 കോടി രൂപയായി.

നടപ്പു സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ തുടക്കം ശുഭസൂചനയാണ് നൽകുന്നതെന്ന് മണപ്പുറം ഫിനാൻസ് മാനേജിംഗ് ഡയറക്ടർ വി.പി. നന്ദകുമാർ പറഞ്ഞു. ഒന്നാം പാദത്തിൽ കമ്പനിയുടെ പ്രധാന ബിസിനസ് മേഖലകളായ ഗോൾഡ് ലോണിലും ചെറുകിട വ്യവസായങ്ങൾക്കുള്ള വായ്പകളിലും മികച്ച മുന്നേറ്റം സാദ്ധ്യമായി.