തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ വിജയത്തിനായി ബി.ജെ.പി ആയിരക്കണക്കിന് വോട്ടുകൾ കൃത്രിമമായി ചേർത്തെന്ന ആരോപണവുമായി യു.ഡി.എഫും എൽ.ഡി.എഫും രംഗത്ത്, പ്രതിരോധിക്കാൻ ബി.ജെ.പിയും, ചൂടേറി വിവാദം. ഇരുമുന്നണികളും തെളിവുകൾ നിരത്തുമ്പോൾ വി.എസ്. സുനിൽ കുമാറിന്റെ ബൂത്തിലെ വോട്ടുചോർച്ച ഉൾപ്പെടെ ഉയർത്തിക്കാട്ടിയാണ് ബി.ജെ.പിയുടെ തിരിച്ചടി.
നഗരത്തിലെ ഫ്ളാറ്റുകൾ കേന്ദ്രീകരിച്ച് മറ്റ് മണ്ഡലങ്ങളിലെ അടക്കം വോട്ടർമാരെ ചേർത്ത് വിജയം ഒരുക്കിയെന്നാണ് ആരോപണം. മുൻ കളക്ടറും തിരഞ്ഞെടുപ്പ് വരണാധികാരിയുമായിരുന്ന കൃഷ്ണതേജയ്ക്ക് ലഭിച്ച പരാതി ഉന്നതതലങ്ങളിലേക്ക് കൈമാറിയില്ലെന്ന ആരോപണവുമുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിയുടെ ടീമിലേക്കാണ് കൃഷ്ണതേജ പോയത്. പരാതി ലഭിച്ചിട്ടില്ലെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ അഭിപ്രായം അടിസ്ഥാന രഹിതമാണെന്നും എൽ.ഡി.എഫും യു.ഡി.എഫും ആരോപിക്കുന്നു.
തൃശൂരിൽ വോട്ടുകൾ മുഴുവൻ അവസാന ഘട്ടത്തിൽ ചേർത്തെന്നാമ് ഇരുമുന്നണികളും പറയുന്നത്. വോട്ടർ പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാണിച്ച് തെളിവ് സഹിതമുള്ള രേഖകൾ ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പുറത്തുവിട്ടിരുന്നു. ബൂത്ത് നമ്പർ 116ൽ 1016 മുതൽ 1026 വരെയുള്ള ക്രമനമ്പറിൽ ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെയും സഹോദരൻ സുഭാഷ് ഗോപിയുടെയും കുടുംബാംഗങ്ങൾ വോട്ടുകൾ ചേർത്തിരുന്നുവെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
സി.പി.എം ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ പറയുന്നു
തിരഞ്ഞെടുപ്പ് കമ്മിഷൻ ഏറ്റവും സുതാര്യമായി പ്രവർത്തിക്കേണ്ട സ്ഥാപനമാണ്. എന്നാൽ നിഷ്പക്ഷവും സ്വതന്ത്രവുമല്ല പ്രവർത്തനം. ജനാധിപത്യ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന സമീപനമുണ്ടാകുമ്പോൾ കൂട്ടായ, ശക്തമായ പ്രതിരോധം ഉയരണം.
ഡി.സി.സി പ്രസിഡന്റ് അഡ്വക്കെറ്റ് ജോസഫ് ടാജറ്റ് പറയുന്നു.
മണ്ഡലത്തിന് പുറത്തും സ്ഥിരംതാമസക്കാരുമല്ലാത്തവരെ അടഞ്ഞ വീടുകളും ഫ്ളാറ്റുകളും കേന്ദ്രീകരിച്ച് വോട്ട് ചേർത്തു. രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ ശരിവയ്ക്കുന്നതാണ് ഡി.സി.സി പുറത്തുവിട്ട തെളിവുകൾ. സമാന ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണം.
ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് പറയുന്നു.
സുരേഷ് ഗോപിയുടെ വിജയം അംഗീകരിക്കാൻ ഒരു വർഷം കഴിഞ്ഞും യു.ഡി.എഫും എൽ.ഡി.എഫും തയ്യാറായിട്ടില്ല. വോട്ടർപട്ടികയിൽ ക്രമക്കേടുണ്ടെങ്കിൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ടാജറ്റും സുനിൽ കുമാറും തയ്യാറാകണം.
സ്ഥാനാർത്ഥിയും ലഭിച്ച വോട്ടും
ആകെ പോൾ ചെയ്ത വോട്ട്:10,90,876
സുരേഷ് ഗോപി (എൻ.ഡി.എ): 4,12,338
അഡ്വ. വി.എസ്. സുനിൽകുമാർ (എൽ.ഡി.എഫ്): 337652
കെ. മുരളീധരൻ (യു.ഡി.എഫ്): 3,28,124
ഭൂരിപക്ഷം: 74,686