തൊടുപുഴ: വംശനാശഭീഷണി നേരിടുന്ന നാടൻ മത്സ്യങ്ങളെ സംരക്ഷിക്കാനുള്ള സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡിന്റെ പദ്ധതികൾ പുരോഗമിക്കുന്നു. 500 ഇനങ്ങളിൽ 250 എണ്ണമാണ് കേരളത്തിന്റെ തനത് മത്സ്യങ്ങൾ. 196 ശുദ്ധജല മത്സ്യങ്ങളിൽ 27 ശതമാനവും പ്രാദേശികമായുള്ളവയാണ്. കൂട്ടത്തിൽ വംശനാശ ഭീഷണിയുള്ള 52 ഇനങ്ങളുണ്ട്.

ഇത്തരം മത്സ്യങ്ങളെ കേരള യൂണിവേഴ്സിറ്റി ഒഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്), കേരള യൂണിവേഴ്സിറ്റി ഒഫ് അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പ് എന്നിവ വഴി കണ്ടെത്തി ജലാശയങ്ങളിൽ നിക്ഷേപിക്കും. ആദ്യഘട്ടത്തിൽ 2000 ആശ്ചര്യപരൽ (ഡോക്കിൻസിയ എക്‌സ്‌ക്ലമേഷ്യോ) മത്സ്യകുഞ്ഞുങ്ങളെ കുഫോസിന്റെ ഹാച്ചറിൽ വളർത്തി കല്ലടയാറ്റിൽ നിക്ഷേപിച്ചിരുന്നു. 10 മത്സ്യങ്ങളെ കണ്ടെത്തി നിക്ഷേപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.

40 ലക്ഷം രൂപയുടെ പ്രൊജക്ടാണിത്. അടുത്ത ഘട്ടത്തിൽ കൂടുതൽ ഫണ്ടനുവദിക്കും. ഇതിനായി ആദിവാസികൾ, വനസംരക്ഷണ സമിതി, വനം- വന്യജീവി വകുപ്പ്, മത്സ്യബന്ധനം, തദ്ദേശ സ്വയംഭരണം എന്നിവയുടെ സഹകരണം ഉറപ്പാക്കും.

സംരക്ഷിക്കുന്ന 10 മത്സ്യങ്ങൾ

ചെമ്പൻകൂരൽ, ആശ്ചര്യപരൽ, കരിംകഴുത്തൻ മഞ്ഞേട്ട, ചാലക്കുടി പരൽ, പൂക്കോടൻ പരൽ, നാടൻ മുശി, അരൂളി പരൽ, തളുമ്പൻ വാള, മോടോൻ, ചെങ്കണിയാൻ/ മിസ് കേരള.

ജലവൈവിദ്ധ്യം സംരക്ഷിക്കും
 ഉൾനാടൻ ജലവൈവിദ്ധ്യം സംരക്ഷിക്കുക
 വരുമാനത്തിനും മത്സ്യ സംരക്ഷണത്തിനും മലമ്പ്രദേശങ്ങളിൽ പ്രജനനകേന്ദ്രം സ്ഥാപിക്കുക
 നാടൻ മത്സ്യസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധമുണ്ടാക്കുക

'വംശനാശ ഭീഷണിയുള്ള ജൈവ വൈവിദ്ധ്യം പുനഃസ്ഥാപിക്കാനാണ് പദ്ധതി. ഇതിന്റെ സാങ്കേതികവിദ്യ ആദിവാസികൾക്കും സാധാരണക്കാർക്കും നൽകും.

-ഡോ. വി. ബാലകൃഷ്ണൻ, മെമ്പർ സെക്രട്ടറി, ജൈവ വൈവിദ്ധ്യ ബോർഡ്