തൊടുപുഴ: ജില്ലയിലെ തപാൽ ഓഫീസുകളിൽ പരിഷ്‌കരിച്ച സോഫ്റ്റ്‌വെയർ സംവിധാനമായ അഡ്വാൻസ്ഡ് പോസ്റ്റൽ ടെക്‌നോളജി (എ.പി.ടി) നിലവിൽ വന്നതോടെ ഉപഭോക്താക്കൾ ഇനി പണമിടപാടുകൾ ഓൺലൈനായി നടത്താം. എ.പി.ടി നിലവിൽ വന്നതോടെ ഉപഭോക്താക്കൾക്ക് ക്യു.ആർ കോഡ് സ്‌കാൻ ചെയ്ത് പേയ്‌മെന്റ് നടത്താനുള്ള സൗകര്യമാണ് നിലവിൽ വന്നത്. ഇതോടെ സേവനങ്ങളുടെ പ്രതിഫലം പണമായി മാത്രം നൽകുന്ന രീതിയും മാറുകയാണ്. മുമ്പ് ഇത്തരത്തിൽ പണം നൽകുമ്പോൾ ചില്ലറയെ ചൊല്ലിയുള്ള തർക്കങ്ങളും മറ്റും പതിവായിരുന്നു. മുമ്പും ഈ സൗകര്യമുണ്ടായിരുന്നെങ്കിലും അത്ര കാര്യക്ഷമമായിരുന്നില്ല. കൂടാതെ ഉപഭോക്താക്കൾ 500 രൂപയിൽ കൂടുതലുള്ള പാഴ്സൽ അയക്കുകയാണെങ്കിൽ വെബ്‌സൈറ്റിൽ വിവരം നൽകിയാൽ അതത് പോസ്റ്റ്മാൻമാർ വന്ന് നേരിട്ട് വന്ന് ശേഖരിക്കും. ഇതിന് 50 രൂപ അധികം നൽകണം. ജൂലായ് 22 മുതലാണ് മുഴുവൻ പോസ്റ്റ് ഓഫീസുകളിലും നിലവിൽ വന്നത്. വകുപ്പിന്റെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം. രാജ്യവ്യാപകമായി പുതിയ സോഫ്റ്റ് വെയർ സംവിധാനം നിലവിൽ വരുന്നതിന്റെ മുന്നോടിയായിട്ടാണ് ജില്ലയിലെ നടപടികളും വേഗത്തിൽ പൂർത്തീകരിച്ചത്. മൈസൂരിലെ സെന്റർ ഫോർ എക്സലൻസ് ഇൻ പോസ്റ്റൽ ടെക്‌നോളജിയാണ് (സി.ഇ.പി.ടി) പുതിയ സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡ് ചെയ്തിരിക്കുന്നത്. മുമ്പ് നിലവിലുണ്ടായിരുന്ന സോഫ്റ്റ്‌വെയറിലെ അപാകതകൾ പരിഹരിച്ചാണ് പുതിയ സോഫ്റ്റ്‌വെയർ തയ്യാറാക്കിയിട്ടുള്ളത്. തപാൽ വകുപ്പിന്റെ വിവിധ സേവനങ്ങളും അക്കൗണ്ടിംഗടക്കമുള്ള മുഴുവൻ കാര്യങ്ങളും പുതിയ സോഫ്റ്റ്‌വെയർ വഴിയാണ് ചെയ്യുക. മുമ്പ് ടി.സി.എസ് രൂപകൽപ്പന ചെയ്ത ആപ്പായിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത്. ഇതിന്റെ പ്രവർത്തനം സുഗമമല്ലാത്തതിനാലാണ് പുതിയത് വികസിപ്പിച്ചത്.
സംവിധാനം എല്ലാ പോസ്റ്റ് ഓഫീസുകളിലും
കട്ടപ്പന, തൊടുപുഴ ഹെഡ് പോസ്റ്റ് ഓഫീസുകളിലും 52 സബ് പോസ്റ്റ് ഓഫീസുകളും 239 ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളിലും പുതിയ സംവിധാനം നിലവിൽ വന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് ദിവസം ജീവനക്കാർക്ക് പരിശീലനം നൽകി. എന്നാൽ സേവനങ്ങൾ മുമ്പ് നൽകിയിരുന്നത് പോലെ വേഗത്തിൽ ലഭ്യമാകാൻ കുറച്ച് ദിവസങ്ങളെടുക്കും.