ഇടുക്കി: പ്ലസ് ടു/വി.എച്ച്.എസ്.സി. പഠനത്തിനൊപ്പം പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് രണ്ട് വർഷത്തെ മെഡിക്കൽ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ പരിശീലനത്തിനായി ഓരോ വർഷവും 10,000 രൂപ വീതം അനുവദിക്കുന്ന വിഷൻ പദ്ധതിയിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി ആഗസ്റ്റ് 31 വൈകിട്ട് 5 മണി. സയൻസ്, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് ബി പ്ലസിൽ കുറയാത്ത ഗ്രേഡ് വാങ്ങി പാസാകുന്ന എസ്.എസ്.എൽ.സി. തത്തുല്യം യോഗ്യതയുള്ള വിദ്യാർഥികൾക്കും, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയത്തിൽ പത്താം ക്ലാസിൽ യഥാക്രമം എ2, എഗ്രേഡുകൾ നേടി വിജയിച്ചിട്ടുള്ള സി.ബി.എസ്.ഇ ,ഐ.സി.എസ്.ഇ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കവിയാൻ പാടുള്ളതല്ല. അപേക്ഷകൾ ആഗസ്റ്റ് 1 മുതൽ 31 വരെ ജില്ലാ പട്ടികജാതി വികസന ആഫീസുകളിൽ സ്വീകരിക്കുന്നതാണ്. അപേക്ഷാ ഫോറം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നിന്നും ലഭിക്കും.