കട്ടപ്പന: ഇരട്ടയാർ- ഡാംസൈറ്റ്- ഇരട്ടയാർ നോർത്ത് റോഡ് തകർന്നതോടെ ഗതാഗതം ദുഷ്‌കരമായി. റോഡിന്റെ വിവിധ ഭാഗങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ട് റോഡിലൂടെയുള്ള യാത്ര നടുവൊടിക്കും വിധമാണെന്ന് യാത്രക്കാർ പറയുന്നു. അത്യാവശ്യഘട്ടങ്ങളിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ പോലും സാധിക്കാത്ത സാഹചര്യമാണ്. കഴിഞ്ഞദിവസം ഇരട്ടയാർ പഞ്ചായത്ത് കമ്മിറ്റിയിൽ റോഡിന്റെ വിഷയം ഉയർന്നുവരുകയും പഞ്ചായത്തംഗങ്ങളും പ്രസിഡന്റും ഉൾപ്പെടെ റോഡ് നവീകരിക്കാൻ തുക വകയിരുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും നത്തുകല്ല് അടിമാലി ഹൈവേ നിർമാണം നടക്കുന്നതിനാൽ പുതുതായി തുക അനുവദിക്കാൻ കഴിയില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചത്. ഇതോടെ പഞ്ചായത്തിനും റോഡ് നവീകരിക്കാൻ കഴിയാത്ത സാഹചര്യമാണ്. ഹൈവേയുടെ നിർമ്മാണ ടെൻഡർ നടപടികൾ സെപ്തംബറിലാണ് പൂർത്തിയാകുക. ഇതിനുശേഷമേ നിർമാണ പ്രവർത്തനങ്ങൾ നടക്കു. എന്നാൽ താത്കാലികമായെങ്കിലും റോഡിലെ കുഴികൾ അടയ്ക്കാനുള്ള നടപടി പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.