raja
ചെണ്ടുവരൈ ജി.എച്ച് എസ്. സ്‌കൂളിൽ നടപ്പിലാക്കിയ 'ക്രിയേറ്റീവ് കോർണർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് എ.രാജ എംഎൽഎ സംസാരിക്കുന്നു

മൂന്നാർ: ചെണ്ടുവരൈ ജി.എച്ച് എസ്. സ്‌കൂളിൽ സമഗ്രശിക്ഷ കേരള നടപ്പാക്കുന്ന 'ക്രിയേറ്റീവ് കോർണർ പദ്ധതിയുടെ ഉദ്ഘാടനം എ.രാജ എം.എൽ.എ നിർവഹിച്ചു.ദേവികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിൻസി റോബിൻസൺ അദ്ധ്യക്ഷത വഹിച്ചു. മൂന്നാർ ബി.ആർ.സി ബി.പി.സി ഷാജി തോമസ് പദ്ധതി വിശദീകരണം നടത്തി.സ്‌കൂൾ വിദ്യാർഥികളെ പഠനത്തോടൊപ്പം വിവിധ തരത്തിലുള്ള കൈത്തൊഴിലുകൾ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ക്രിയേറ്റീവ് കോർണർ. മൂന്നാർ വിദ്യാഭ്യാസ ഉപജില്ലയിൽ രണ്ടാമത്തെ സ്‌കൂളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

പൊതുവിദ്യാഭ്യാസ മേഖലയിലെ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികളുടെ പഠനപ്രവർത്തനങ്ങളെ ഇത്തരത്തിൽ ക്രിയാത്മകമാക്കുന്നതിനുള്ള പഠനാന്തരീക്ഷം ഒരുക്കുകയാണ് ക്രിയേറ്റീവ് കോർണർ കൊണ്ടദ്ദേശിക്കുന്നത്. ഇതിലൂടെ നിലവിലെ വർക്ക് എക്സ്പീരിയൻസ് പ്രവർത്തനങ്ങൾക്ക് ഒരു പുതിയ അടിസ്ഥാനം ഉണ്ടാക്കാൻ സാധിക്കും. കുട്ടികളിൽ ശരിയായ തൊഴിൽ സംസ്‌കാരം രൂപപ്പെടുന്നതിനും തൊഴിലും വിജ്ഞാനവും രണ്ടായി നിൽക്കേണ്ടതില്ലെന്ന ബോധ്യമുണ്ടാക്കുന്നതിനും ഇത് സഹായകമാകും. സ്‌കൂളിലെ ക്രിയേറ്റീവ് കോർണർ പദ്ധതിക്കായി 15 ലക്ഷം രൂപ വിനിയോഗിച്ചാണ് ക്ലാസ് മുറി തയാറാക്കിയിരിക്കുന്നത്. സാധാരണ ക്ലാസ് സമയങ്ങൾ നഷ്ടപ്പെടാതെ പ്രത്യേക സമയം കണ്ടെത്തി വിവിധ കൈത്തൊഴിലുകളിൽ പരിശീലനം ലഭിച്ച അധ്യാപകരാണ് കുട്ടികളെ പഠിപ്പിക്കുക. കൃഷി രീതികൾ, പാചകം, പെയിന്റിങ്, വയറിങ്, പ്ലംബിങ് , കേക്ക് നിർമാണം, തയ്യൽ തുടങ്ങിയ വിവിധ തരത്തിലുള്ള തൊഴിലുകളിലാണ് പരിശീലനം നൽകുക. കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് കൈത്തൊഴിലുകൾ തിരഞ്ഞെടുത്ത് പരിശീലനം നേടാം. പരിപാടിയിൽ ദേവികുളം ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സ്‌കൂൾ പ്രിൻസിപ്പൽ അനിൽ കുമാർ, സ്‌കൂൾ അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.